കെ.എം. തോമസ്
മനാമ: ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക, കലാ മേഖലയിൽ സ്വന്തം പേര് എഴുതിച്ചേർത്ത നീണ്ട 42 വർഷത്തിനുശേഷം കെ.എം. തോമസ് നാട്ടിലേക്ക് മടങ്ങുകയാണ്. കൊല്ലം പള്ളിമുക്കിൽനിന്ന് പവിഴദ്വീപിന്റെ സ്നേഹം തേടി അദ്ദേഹമെത്തിയത് 1981ലാണ്. അന്നുമുതൽ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ എല്ലാ രംഗത്തും വിപുലമായ സുഹൃദ് ബന്ധത്തിനുടമയാകാൻ അദ്ദേഹത്തിനു കഴിഞ്ഞു.
രോഗികളായ പ്രവാസികൾക്ക് സാന്ത്വനമായും അവർക്ക് സഹായം സ്വരൂപിച്ചയക്കുന്നതിലുമെല്ലാം അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. പ്രവാസ ജീവിതത്തിന്റെ വിരസതയകറ്റാൻ ചെയ്ത പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. ഇമേജുകൾ ചേർത്തുവെച്ച ആൽബങ്ങളും പത്രക്കട്ടിങ്ങുകളുടെ ശേഖരവും സ്റ്റാമ്പുകളുടെ കലക്ഷനുമെല്ലാമായി ആ പ്രവർത്തനങ്ങൾ ലോകറെക്കോഡ് എന്ന ലക്ഷ്യംവെച്ച് ചിട്ടയായി നടന്നു. മകന്റെ ഓരോ മാസത്തെയും വളർച്ച രേഖപ്പെടുത്തുന്ന ഫോട്ടോകളുടെ ശേഖരം കുടുംബവൃത്തങ്ങളിൽ അപൂർവത സൃഷ്ടിച്ചു.
കവിതയും കഥയും ഹാസ്യ ഭാവനകളും നർമമുഹൂർത്തങ്ങളുമായിരുന്നു മറ്റൊരു ലോകം. ‘മൈഡിയർ മൊബൈൽ’ എന്ന പേരിൽ സാഹിത്യസൃഷ്ടികൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ഗൾഫ് മാധ്യമത്തിന്റെ പേജുകളെ പലപ്പോഴും അച്ചായൻ കവിതകൾ അലങ്കരിച്ചു. മുൻ ഇന്ത്യൻ അംബാസഡർ ബാലകൃഷ്ണ ഷെട്ടി പങ്കെടുത്ത എല്ലാ പരിപാടികളുടെയും പത്രകട്ടിങ്ങുകളടങ്ങിയ ആൽബം മെമ്മറീസ് ഇൻ ബഹ്റൈൻ എന്ന പേരിൽ അദ്ദേഹത്തിന് സമർപ്പിക്കുകയുണ്ടായി. ഇക്കാലത്തിനിടക്ക് തനിക്കും മക്കൾക്കും ലഭിച്ച ക്രിസ്മസ് കാർഡുകൾ ഒന്നുപോലും നഷ്ടപ്പെടാതെ മാറ്റാരു ആൽബമാക്കി.
മഞ്ജരി പബ്ലിക്കേഷൻസ് പുറത്തിറക്കിയ ലോകത്തെ ഏറ്റവും വലിയ പുസ്തകത്തിൽ തന്റെ കവിതയുണ്ടെന്ന് അദ്ദേഹം പറയുന്നു. 3500 ലധികം കവിതകളുമായി പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇതിനകം നിരവധി അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. ജൂൺ രണ്ടിന് നാട്ടിലേക്ക് തിരിക്കുന്ന കെ.എം. തോമസ് യാത്രയയപ്പുകളുടെ തിരക്കിലാണ്. ബി.കെ.എസ്.എഫിന്റെ യാത്രയയപ്പ് ഇന്ന് മനാമ കെ.സിറ്റി സെൻട്രൽ ഹാളിൽ വൈകീട്ട് നാലിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.