ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
?എന്റെ പേര് നൗഫൽ. ഞാൻ ബഹ്റൈനിൽ എത്തിയിട്ട് 7 മാസം ആയി, ഒരു മലയാളിയുടെ ഉടമസ്ഥതയിൽ ഉള്ള ഒരു വർഷത്തെ കോൾഡ് സ്റ്റോർ വിസയായിരുന്നു. ശാരീരികമായും മാനസികമായും എനിക്ക് പറ്റിയ ജോലി ആയിരുന്നില്ലയെന്ന കാര്യം വിസ എടുക്കുന്നതിന് മുമ്പേ അറിയിച്ചിരുന്നു, അദ്ദേഹം പറഞ്ഞത് വിസിറ്റ് വിസയിൽ വന്നാൽ ചിലവ് കൂടുതലും ജോലി മാറാൻ കഴിയില്ല എന്നും, CR വിസയിൽ വന്നാൽ ചിലവ് കുറവും ഇഷ്ടമായില്ല എങ്കിൽ ജോലി മാറാം എന്നുമായിരുന്നു.
ഒരു വർഷത്തെ വിസയുടെ മുഴുവൻ പൈസയും, അതായത് "220BD" എന്നോട് ചോദിച്ചു വാങ്ങിയിരുന്നു. ഒരു വർഷ മുഴുമിപ്പിക്കുന്നത്തിന് മുമ്പ് തൊഴിലുടമ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം കാൻസൽ ചെയ്താൽ നഷ്ടപരിഹാരം ചോദിക്കാൻ പറ്റുമോ?
തൊഴിലാളിയോട് ചോദിക്കാതെ വിസ കാൻസൽ ചെയ്താൽ നാട്ടിലേക്ക് പോകാനുള്ള എയർ ടിക്കറ്റ് തൊഴിലുടമ (മുതലാളി) നൽകേണ്ടതാണോ..? അതോ തൊഴിലാളിയുടെ ശമ്പളത്തിൽനിന്നും നാട്ടിലേക്ക് പോകാനുള്ള എയർ ടിക്കറ്റ് എടുക്കേണ്ടതാണോ..? കാൻസൽ ചെയ്യുന്നതിനുള്ള "5BD" തൊഴിലാളി തൊഴിലുടമയ്ക്ക് നൽകേണ്ടതുണ്ടോ?
ഒരു വർഷത്തെ തൊഴിൽ കരാറിൽ ഇവിടെ ജോലിക്ക് വന്നതാണങ്കിൽ ആ കരാർ ഒരു വർഷത്തിന് മുമ്പേ റദ്ദ് ചെയ്താൽ തൊഴിലാളിക്ക് നഷ്ടപരിഹാരം ചോദിക്കാനും ലഭിക്കാനും അർഹതയുണ്ട്. നഷ്ടപരിഹാരം കരാർ പ്രകാരം എത്ര മാസം ബാക്കിയുണ്ടോ അതിന്റെ ശമ്പളമാണ് ലഭിക്കുവാൻ അർഹതയുളളത്. ഈ കാര്യങ്ങൾ ഒക്കെ വ്യക്തമായി രേഖകൾ പരിശോധിച്ചു മാത്രമേ മറുപടി പറയുവാൻ സാധിക്കുകയുള്ളൂ. അത്കൊണ്ട് എല്ലാ രേഖകളും സഹിതം ഒരു ബഹ്റൈനി അഭിഭാഷകനെ കണണം. തിരികെ പോകുവാനുളള ടിക്കറ്റിന്റെ കാര്യം തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിൽ മാത്രമേ പറയാൻ സാധിക്കുകയുളളൂ. തൊഴിൽ നിയമത്തിൽ ടിക്കറ്റിന്റെ കാര്യമൊന്നും പറയുന്നില്ല. പക്ഷേ എൽ എം ആർ എ നിയമത്തിൽ ഒരു വിദേശ തൊഴിലാളിയുടെ ജോലി കഴിഞ്ഞാൽ ആ തൊഴിലാളിയെ തിരികെ അദ്ദേഹത്തിന്റെ നാട്ടിൽ വിടുന്നത് തൊഴിൽ ഉടമയുടെ ബാധ്യതയാണ്. അതായത് തൊഴിൽ കഴിഞ്ഞാൽ വേറെ തൊഴിൽ ലഭിച്ചില്ലങ്കിൽ അല്ലെങ്കിൽ വിസ മാറിയില്ലങ്കിൽ, ആ തൊഴിലാളിയെ ഇവിടെ നിന്നും തൊഴിൽ ഉടമ തിരികെ വിടണം. വിസ സംബന്ധമായ എല്ലാ ചിലവുകളും തൊഴിലുടമയാണ് നൽകേണ്ടത്. തൊഴിലാളിയുടെ കയ്യിൽ നിന്നും ഒരു പൈസ പോലും വാങ്ങിക്കുവാൻ പാടില്ല.
?എന്റെ പേര് സന്തോഷ് എന്റെ അർബാബ് മരണപെട്ടതിനെതുടർന്നു ഡിജിറ്റൽ പാസ് വേർഡ് ബ്ലോക്ക് ആണ്. അതുകൊണ്ട് എനിക്ക് വിസ പുതുക്കാൻ പറ്റുന്നില്ല അർബാബിന്റെ ഭാര്യക്ക് മക്കൾ ഒപ്പിട്ട പോയർ അറ്റോണി കിട്ടിയിട്ടുണ്ട്. അതുവെച്ച് എന്റെ വിസ അടിക്കാൻ പറ്റുമോ.. അർബാബിന്റെ ഭാര്യ നേരിട്ട് ഇംറയിൽ പോകണോ അല്ലാതെ ഓൺലൈനിൽ വിസ അടിക്കാൻ പറ്റുമോ...?
തൊഴിലുടമയുടെ അനന്തരാവകാശികൾ (Legal heirs) ആരല്ലാമാണന്നുളള രേഖ ലഭിച്ചിട്ടുണ്ടങ്കിൽ, അത് പ്രകാരം ആർക്കെങ്കിലും പവർ ഓഫ് അറേറാണി നൽകിയിട്ടുണ്ടങ്കിൽ, ആ വ്യക്തിയുടെ എൽ എം ആ എ യുടെ പാസ്വേഡ് മാറ്റിയെടുക്കാൻ സാധിക്കും. എൽ എം ആ എ പാസ്വേഡ് മാറ്റിയാൽ ഓൺലൈനിൽ വിസ പുതുക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.