മനാമ: 1980 ഫെബ്രുവരിയിലെ ഒരു ദിവസമാണ് കുനിയിൽ മജീദ് എന്ന കോഴിക്കോട് വടകര സ്വദേ ശി ബഹ്റൈനിൽ ആദ്യമായി എത്തിയത്. സഹോദരൻ എടുത്തുനൽകിയ ഫ്രീ വിസയുടെ ബലത്തിലാണ് ഏറെ സ്വപ്നങ്ങളുമായി പ്രവാസ മണ്ണിൽ അദ്ദേഹം കാലുകുത്തിയത്. ഒരു ജോലി കണ്ടുപിടിക്കു കയായിരുന്നു അടുത്ത ലക്ഷ്യം. അടുപ്പക്കാർ പറഞ്ഞറിഞ്ഞ് വിവിധ പ്രസിദ്ധീകരണങ്ങളുടെ ഉടമകളായ അൽ ഹിലാൽ ഗ്രൂപ്പിലെ സർക്കുലേഷൻ മാനേജർ ജോൻ ടണ്ണിനെ പോയി കണ്ടു. അതൊരു തുടക്കമായിരുന്നു. അദ്ദേഹം അവിടെ മാഗസിൻ ഡിവിഷനിൽ ഡിസ്ട്രിബ്യൂഷൻ അസിസ്റ്റൻറായി ജോലി നൽകി. പ്രസിദ്ധീകരണങ്ങളുടെ വിതരണ ചുമതലയുമായി ബന്ധപ്പെട്ട് പിന്നീട് തിരക്കുകളുടെ നാളുകളായിരുന്നു. സൗദിയിലേക്ക് പാലം വന്നപ്പോൾ അവിടേക്കും ചുമതല ലഭിച്ചു. പലപ്പോഴും രാവിലെ സൗദിയിലേക്ക് പോയി വൈകുന്നേരം തിരിച്ചുവരുന്ന തരത്തിലായിരുന്നു പ്രവർത്തനങ്ങൾ. പിന്നീട് ഡിസ്ട്രിബ്യൂഷൻ മാനേജരായി ഉയർന്നു. സ്ഥാപനത്തിെൻറ മാനേജിങ് ഡയറക്ടറായ റോണി മിഡിൽടണും അദ്ദേഹത്തിെൻറ ഉയർച്ചയിൽ ഏറെ സഹായിച്ചു.
40 വർഷത്തോളം ഒരേ സ്ഥാപനത്തിൽതന്നെ ജോലിചെയ്ത ശേഷമാണ് മജീദ് ഇപ്പോൾ വടകര കുരുക്കിലാട് എന്ന സ്വന്തം നാട്ടിലേക്ക് തിരിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയിലേക്കുള്ള വിമാന വിലക്ക് നീങ്ങിയശേഷം ജൂണോടെ നാട്ടിലെത്താനാണ് ഉദ്ദേശിക്കുന്നത്. നാട്ടിലെത്തിയാൽ വെറുതെയിരിക്കാനല്ല അദ്ദേഹത്തിെൻറ പദ്ധതി. നാട്ടിൽ രൂപവത്കരിച്ച കക്കാട് മഹൽ സാസ്കാരിക കൂട്ടായ്മ (കെ.എം.എസ്.കെ)യുടെ ചെയർമാനാണ് അദ്ദേഹം. കൂട്ടായ്മയുടെ കീഴിൽ പി.എസ്.സി കോച്ചിങ്, കുടിവെള്ള വിതരണം, പാവപ്പെട്ട രോഗികൾക്ക് മരുന്ന് ലഭ്യമാക്കൽ തുടങ്ങിയ സേവന പ്രവർത്തനങ്ങളാണ് നടത്തുന്നത്. നാട്ടിൽ തിരിച്ചെത്തിയശേഷം ഇൗ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുകയാണ് ലക്ഷ്യം. ബഹ്റൈനിൽ ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ കെട്ടിപ്പടുക്കുന്നതിന് പിന്നിലും അദ്ദേഹമുണ്ടായിരുന്നു. അദ്ദേഹം ഉൾപ്പെടെ 20 പേരടങ്ങിയ കമ്മിറ്റിയാണ് സ്കൂളിനുവേണ്ടി പ്രവർത്തിച്ചത്.
മൂന്ന് വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം അദ്ദേഹം റോണി മിഡിൽടണിനോട് പറഞ്ഞിരുന്നു. ‘ഞാൻ പറയും, അപ്പോൾ പോയാൽ മതി’എന്നായിരുന്നു മറുപടി. ഇപ്പോഴും അത്ര താൽപര്യത്തോടെയല്ല പോകാൻ സമ്മതിച്ചത്. വന്ന കാലത്തെ ബഹ്റൈെൻറ ചിത്രം ഇപ്പോഴും അദ്ദേഹത്തിെൻറ മനസ്സിലുണ്ട്. അന്ന് ജുഫൈറും ഹൂറയുമെല്ലാം ഒഴിഞ്ഞ പ്രദേശങ്ങളായിരുന്നു. മനാമയിൽ ഉൾപ്പെടെ ഉയരമുള്ള കെട്ടിടങ്ങൾ തീരെ കുറവ്. 40 വർഷത്തിനിപ്പുറം വികസനത്തിലേക്ക് കുതിച്ചുയർന്ന ബഹ്റൈനെ നന്ദിയോടെ സ്മരിക്കുകയാണ് അദ്ദേഹം. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും തുല്യരായി പരിഗണിക്കുന്ന ബഹ്റൈൻ ഭരണാധികാരികളുടെ സ്നേഹവും കരുതലും വിലമതിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറയുന്നു. ആയിഷയാണ് ഭാര്യ. നാലു മക്കളിൽ രണ്ടുപേർ ഡോക്ടർമാരാണ്. രണ്ടു പേർ പഠിച്ചുകൊണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.