മനാമ: കോവിഡ് ബാധിതരെ ചികിത്സിക്കാൻ 'എനോവിഡ്' എന്ന മൂക്കിലുപയോഗിക്കുന്ന സ്പ്രേയുടെ ക്ലിനിക്കൽ പരീക്ഷണത്തിന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകാരം നൽകി. ആരോഗ്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികൃതർ സമർപ്പിച്ച മെഡിക്കൽ പഠനത്തെത്തുടർന്നാണ് അംഗീകാരം നൽകിയത്.
കോവിഡ് ബാധിതരും നേരിയ രോഗലക്ഷണങ്ങളുള്ളവരുമായ വളന്റിയർമാരിലാണ് പരീക്ഷണം നടത്തുന്നത്. ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കി തുടർ വിശകലനത്തിനുശേഷം സ്പ്രേയുടെ ഉപയോഗത്തിന് അനുമതി നൽകും. കോവിഡ് പ്രതിരോധത്തിനും നേരിയ ലക്ഷണങ്ങളുള്ളവരുടെ ചികിത്സക്കുമാണ് സ്പ്രേ ഉപയോഗിക്കുക. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഫാർമസികളിൽനിന്ന് വാങ്ങാനും സാധിക്കുമെന്ന് എൻ.എച്ച്.ആർ.എ അറിയിച്ചു.
കനേഡിയൻ കമ്പനിയായ സനോടൈസാണ് സ്പ്രേ വികസിപ്പിച്ചത്. സ്പ്രേയിൽ അടങ്ങിയിട്ടുള്ള നൈട്രിക് ഓക്സൈഡ് ബാക്ടീരിയ, ഫംഗസ്, വൈറൽ അണുബാധകൾക്കെതിരെ ഫലപ്രദമാണെന്ന് വ്യക്തമായിട്ടുണ്ട്. മുകളിലെ ശ്വാസനാളികളിലെ വൈറസിനെ നശിപ്പിക്കുകയാണ് സ്പ്രേ ചെയ്യുന്നത്.
വൈറസ് ശ്വാസകോശത്തിലേക്ക് വ്യാപിക്കുന്നത് തടയാൻ ഇത് സഹായിക്കും. നേരത്തെയുള്ള ചികിത്സ വൈറസിെൻറ തീവ്രത കുറക്കുമെന്ന് സനോടൈസ് നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. സ്പ്രേ ഉപയോഗിച്ച് ചികിത്സിക്കുന്ന രോഗികൾക്ക് ആദ്യ 24 മണിക്കൂറിനുള്ളിൽ 95 ശതമാനം ആശ്വാസവും 72 മണിക്കൂറിനുള്ളിൽ 99 ശതമാനം ആശ്വാസവും കാണിച്ചതായി പഠനം കണ്ടെത്തി. പാർശ്വഫലമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.