കെ.എം.സി.സി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനപരിപാടിയിൽ നിന്ന്
മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ മനുഷ്യഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് സമാപിച്ചു. സ്വതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ദേശീയ പതാക ഉയർത്തി. തുടർന്ന് വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ അണിനിരന്ന പ്രൗഢോജ്വല മാർച്ച് പാസ്റ്റിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. നൂറോളം വിദ്യാർത്ഥികളുടെ പങ്കാളിത്തം മാർച്ച് പാസ്റ്റിന് ആവേശം പകർന്നു.
വൈകുന്നേരം നടന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ചിത്ര പ്രദർശനം രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൻ്റെ പശ്ചാതലം അനാവരം ചെയ്യുന്ന കാലങ്ങളെയും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ത്യാഗപൂരിതമായ ചരിത്രവും, രക്തസാക്ഷികളായ ദേശാഭിമാനികളെയും ഉൾകൊളളിച്ച് തയ്യാറാക്കിയ ചിത്രങ്ങളിലൂടെ അവതരിപ്പിച്ച ചിത്രപ്രദർശനം ശ്രദ്ധേയമായി. നിരവധി പേരാണ് ചിത്ര പ്രദർശനം സന്ദർശിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ കഴിഞ്ഞുപോയ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്താനും ആ കാലഘട്ടത്തിലെ സംഭവങ്ങളെ കൂടുതൽ അടുത്തറിയാനും ബഹ്‌റൈനിലെ പ്രവാസികൾക്ക് അവസരമായി. പ്രദർശനം സന്ദർശിച്ച പലരും തങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും വിസിറ്റ് പുസ്തകത്തിൽ രേഖപ്പെടുത്തി.
ദേശഭക്തി ഗാന മത്സരം, പ്രച്ഛന്നവേഷ മത്സരം, സാംസ്കാരിക സമ്മേളനം തുടങ്ങിയ വിവിധ പരിപാടികളും സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്നു. കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രവാസി സമൂഹത്തിന്റെയും സജീവ സാന്നിധ്യം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ദേശഭക്തി ഗാന മത്സരം, പ്രച്ഛന്നവേഷ മത്സരം, കുട്ടികളുടെ ദേശഭക്തി നൃത്തങ്ങൾ എന്നിവ പരിപാടികൾക്ക് കൂടുതൽ മികവേകി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം സജി മാർക്കോസ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര അധ്യക്ഷത വഹിച്ചു. കെ.പി. മുസ്തഫ, ബിനു കുന്നന്താനം, സഈദ് റമദാൻ നദവി,സുനീഷ് സുശീലൻ, മാഹിറ ഷമീർ എന്നിവർ ആശംസകൾ നേർന്നു. ഫൈസൽ കണ്ടിതാഴ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. സംസ്ഥാന ഭാരവാഹികളായ സലീം തളങ്കര, അബ്ദുൽ അസീസ്, എ.പി. ഫൈസൽ, ഷാഫി പാറ കട്ട, അഷറഫ് കക്കണ്ടി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.