സിറ്റി ഓഫ് യൂത്ത് 2030 സന്ദർശിക്കാനെത്തിയ ഹമദ് രാജാവ് 

രാജ്യത്തിന്റെ പുരോഗതിയിൽ യുവജനങ്ങളുടെ പങ്ക് നിർണായകം- ഹമദ് രാജാവ്

മനാമ: രാജ്യത്തിന്‍റെ പുരോഗതിയിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ സജീവ പങ്കുവഹിക്കുന്ന 'സിറ്റി ഓഫ് യൂത്ത് 2030' പദ്ധതിയുടെ ആസ്ഥാനത്ത് സന്ദർശനത്തിനെത്തിയതായിരുന്നു ഹമദ് രാജാവ്.

യുവജനങ്ങളുമായി സംവദിച്ച ഹമദ് രാജാവ്, മുൻകാല തലമുറകൾ രാജ്യത്തിനായി സേവനം ചെയ്തതുപോലെ ഇന്നത്തെ യുവജനങ്ങളും ആ പാത പിന്തുടരുകയാണെന്ന് വ്യക്തമാക്കി. യുവജനങ്ങളുടെ പ്രവർത്തനങ്ങളും ആശയങ്ങളും കാണുമ്പോൾ ബഹ്‌റൈന്റെ ഭാവിയെക്കുറിച്ച് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

രാജാവിന്റെ മാനുഷിക കാര്യ യുവജന കാര്യ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ രാജാവിന് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. സന്ദർശന വേളയിൽ ബഹ്‌റൈനി യുവജനങ്ങൾക്കായി സിറ്റി ഓഫ് യൂത്ത് നൽകുന്ന പരിശീലന അവസരങ്ങളും പദ്ധതികളും സംബന്ധിച്ച വിശദമായ വിവരങ്ങൾ രാജാവ് വിലയിരുത്തി.

ഈ വർഷത്തെ പതിനഞ്ചാമത് പതിപ്പിൽ 324-ലധികം പരിശീലന പരിപാടികളും, 10,000-ത്തിലധികം അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. 9,635 യുവതീ യുവാക്കളുടെ പങ്കാളിത്തവും, പ്രാദേശികവും അന്തർദേശീയവുമായ 204 പങ്കാളിത്തങ്ങളും ഈ പദ്ധതിയുടെ വിജയത്തിന് മാറ്റുകൂട്ടുന്നു. തുടർന്ന് സയൻസ് ആൻഡ് ടെക്നോളജി സെന്റർ, ആർട്സ് ആൻഡ് കൾച്ചർ സെന്റർ, ലീഡർഷിപ്പ് ആൻഡ് എന്റർപ്രണർഷിപ്പ് സെന്റർ, മീഡിയ ആൻഡ് എന്റർടൈൻമെന്റ് സെന്റർ, സമ്മർ സ്പോർട്സ് സിറ്റി എന്നിവയുൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ രാജാവ് നേരിട്ടെത്തി പര്യടനം നടത്തി.

 

ദേശീയ ബോധവൽക്കരണ പ്ലാറ്റ്‌ഫോമായ 'ബഹ്‌റൈന ഹെറിറ്റേജ്', കുട്ടികൾക്കായുള്ള കൊച്ചു സംരംഭകരുടെ സ്റ്റാളുകൾ എന്നിവയും അദ്ദേഹം സന്ദർശിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ സംഘാടകരെയും സന്നദ്ധപ്രവർത്തകരെയും രാജാവ് അഭിനന്ദിക്കുകയും ഒപ്പം സ്മാരക ചിത്രമെടുക്കുകയും ചെയ്തു.

 

യുവജനങ്ങളെ ശാക്തീകരിക്കുന്നതിനായി പരിശ്രമിക്കുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും, ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെയും, ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെയും പ്രവർത്തനങ്ങളെയും രാജാവ് പ്രശംസിച്ചു.

Tags:    
News Summary - The role of youth is crucial in the nation's progress: King Hamad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.