മന്ത്രിസഭ യോഗത്തിൽ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അധ്യക്ഷത വഹിക്കുന്നു

ഹമദ് രാജാവി​െൻറ പ്രഭാഷണം സമൂഹത്തെ ഒന്നിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് –മന്ത്രിസഭ

മനാമ: അഞ്ചാമത് പാര്‍ലമെൻറ്​, ശൂറ കൗണ്‍സില്‍ മൂന്നാം ഘട്ട ഉദ്ഘാടനച്ചടങ്ങില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ നടത്തിയ പ്രഭാഷണം സമൂഹത്തിന് ദിശാബോധം നല്‍കുന്നതും ഒന്നിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണെന്ന് മന്ത്രിസഭ വിലയിരുത്തി. രാജ്യത്തി​െൻറ സർവതോമുഖമായ വികസനവും വളര്‍ച്ചയും എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള ആഹ്വാനം കൂടിയായിരുന്നു അദ്ദേഹത്തി​െൻറ പ്രഭാഷണമെന്ന്​ അംഗങ്ങള്‍ പറഞ്ഞു.

സൗദി, ബഹ്റൈന്‍ സംയുക്ത സമിതിയുടെ നേതൃസ്ഥാനം ഇരുരാജ്യങ്ങളിലെയും കിരീടാവകാശികള്‍ക്ക് നല്‍കാനുള്ള സൗദി തീരുമാനത്തെ മന്ത്രിസഭ സ്വാഗതം ചെയ്​തു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടാന്‍ ഇത് കാരണമാകുമെന്നും വിലയിരുത്തി. കുവൈത്ത് കിരീടാവകാശിയായി നിശ്ചയിക്കപ്പെട്ട ശൈഖ് മിശ്അല്‍ അല്‍ അഹ്​മദ് അല്‍ ജാബിര്‍ അസ്സബാഹിന് മന്ത്രിസഭ അഭിവാദ്യം നേര്‍ന്നു. അസര്‍ബൈജാനും അര്‍മീനിയയും തമ്മിലുണ്ടായ സംഘര്‍ഷം ഒഴിവാക്കുന്നതിന് വെടിനിര്‍ത്താനുള്ള തീരുമാനത്തെ മന്ത്രിസഭ സ്വാഗതം ചെയ്​തു. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഇരു രാജ്യങ്ങളും പാലിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

പാര്‍ലമെൻറ്​, ശൂറ കൗണ്‍സില്‍ സമിതികള്‍ ആവശ്യപ്പെടുന്ന ​വിശദീകരണങ്ങൾക്ക്​ വേഗത്തില്‍ മറുപടി നല്‍കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ അതോറിറ്റികള്‍ക്കും കിരീടാവകാശി നിര്‍ദേശം നല്‍കി. പാര്‍ലമെൻറും സര്‍ക്കാറും തമ്മിലുള്ള ബന്ധം ദൃഢമാകാനും സഹകരിച്ച് പ്രവര്‍ത്തിക്കാനും ഇത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സംവിധാനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2019 ഒക്ടോബര്‍ മുതല്‍ 2020 സെപ്റ്റംബര്‍ വരെ ലഭിച്ച നിര്‍ദേശങ്ങളും പരാതികളും മന്ത്രിസഭ പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രത്യേക കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ടാണ് ചര്‍ച്ച ചെയ്​തത്. പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള പ്രത്യേക സംവിധാനമായ 'തവാസുല്‍' വഴിയാണ് പൊതുജനങ്ങളില്‍നിന്ന്​ ഇവ ശേഖരിച്ചത്.

ഏറ്റവും മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ച മന്ത്രാലയങ്ങളെയും അതോറിറ്റികളെയും ആദരിക്കും. ഏഴു സര്‍ക്കാര്‍ അതോറിറ്റികളെയാണ് പ്രവര്‍ത്തന മികവി​െൻറ പേരില്‍ പോയവര്‍ഷം ആദരിച്ചത്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന കാബിനറ്റ് യോഗ റിപ്പോര്‍ട്ട് സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

ജനസംഖ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു

മനാമ: രാജ്യത്തെ ജനസംഖ്യ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രി സഭയില്‍ അവതരിപ്പിച്ചു. 2020 മാര്‍ച്ച് 17ലെ കണക്ക് പ്രകാരം രാജ്യത്ത് 15,01,635 പേരാണുള്ളത്. ഇതില്‍ 7,12,362 പേര്‍ സ്വദേശികളൂം 7,89,273 പേര്‍ വിദേശ പൗരന്മാരുമാണ്. മൊത്തം ജനസംഖ്യയുടെ 47.4 ശതമാനം സ്വദേശികളും 52.6 ശതമാനം വിദേശികളുമാണ്​.

അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ടെലികോം പദ്ധതിക്ക് കാബിനറ്റ് അംഗീകാരം നല്‍കി. രാജ്യത്തി​െൻറ എല്ലാ പ്രദേശങ്ങളിലും ടെലികോം സേവനം ലഭിക്കുന്ന രൂപത്തില്‍ പദ്ധതി വിപുലപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. നാലു വ്യവസായിക പ്രദേശങ്ങള്‍ പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശത്തിന് കാബിനറ്റ് അംഗീകാരം നല്‍കി.

വൈദ്യുതി, ജല ഉപഭോഗം കുറക്കുന്നതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള നിര്‍ദേശത്തിനും അംഗീകാരമായി. തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യ പരിശോധന കാര്യക്ഷമമാക്കണമെന്ന പാര്‍ലമെൻറ്​ നിര്‍ദേശത്തിന് അംഗീകാരമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.