പ്രവാസി വെൽഫെയർ നടത്തിയ സർഗ്ഗോത്സവത്തിൽ നേടിയ സമ്മാനങ്ങളുമായി "KL 14" ഫാമിലി കൂട്ടായ്മ
മനാമ: ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളും പ്രവാസത്തിന്റെ തിരക്കുകളും പങ്കുവെക്കാൻ ഒത്തുചേരുന്ന പ്രവാസി കൂട്ടായ്മകൾക്കിടയിൽ വ്യത്യസ്തമായ പ്രവർത്തനശൈലി കൊണ്ട് ശ്രദ്ദേയമാകുകയാണ് ബഹ്റൈനിലെ കാസർകോട്ടുകാരുടെ 'KL-14' എന്ന ഫാമിലി കൂട്ടായ്മ. കേവലമൊരു ഒത്തുചേരലിനപ്പുറം ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക, ജീവ കാരുണ്യ മേഖലകളിൽ വേറിട്ട മുദ്ര പതിപ്പിച്ചുകൊണ്ടാണ് കാസർകോട് ജില്ലക്കാരുടെ ഈ ജനകീയ കൂട്ടായ്മ പ്രവാസലോകത്ത് ശ്രദ്ധേയമാവുന്നത്. കാസർകോടിന്റെ വടക്കേ അതിർത്തിയായ മഞ്ചേശ്വരം മുതൽ തെക്കേ അറ്റമായ തൃക്കരിപ്പൂർ വരെയുള്ള പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസി കുടുംബങ്ങളെ ഒരൊറ്റ കുടക്കീഴിൽ അണിനിരത്താൻ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കല, ബിസിനസ്, കായികം, സാങ്കേതികവിദ്യ, സാമൂഹിക സേവനം തുടങ്ങിയ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളുടെ കരുത്തുറ്റ സാന്നിധ്യമാണ് 'KL-14'-ന്റെ പ്രധാന ചാലകശക്തി.
കൂട്ടായ്മയിലെ ഓരോ അംഗവും തങ്ങളുടെ പ്രവർത്തന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. വെറുമൊരു ആഘോഷക്കൂട്ടായ്മ മാത്രമല്ല KL-14 എന്ന് തെളിയിക്കുന്നതാണ് ഇവരുടെ കാരുണ്യപ്രവർത്തനങ്ങൾ. വിവിധ കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലാകുന്ന പ്രവാസികൾക്ക് തണലാകാനും, പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിൽ ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകാനും ഈ കൂട്ടായ്മ സജീവമായി രംഗത്തുണ്ട്. അസ്ലം തൃക്കരിപ്പൂർ, മനാഫ് പാറക്കട്ട, ഷെഫീൽ പാറക്കട്ട, ഹാരിസ്, യാകൂബ്,
ജാഫർ, സവാദ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വിവിധ മേഖലകളിൽ മികവ് പുലർത്തുന്നവരെ ഒന്നിപ്പിച്ചുകൊണ്ട്, കാസർകോടിന്റെ തനിമയും സ്നേഹവും പ്രവാസലോകത്ത് നിലനിർത്താൻ 'KL-14' എന്ന ഫാമിലി കൂട്ടായ്മയ്ക്ക് സാധിക്കുന്നുണ്ട്.
ബഹ്റൈനിലിൽ വിവിധ സംഘടനകൾ നടത്തുന്ന കലാമത്സരങ്ങളിലും ഈ കൂട്ടായ്മയിലെ അംഗങ്ങൾ ആൺ-പെൺ - കുട്ടികൾ വ്യത്യാസമില്ലാതെ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടാറുമുണ്ട്. കൂടുതൽ വിപുലമായ സാമൂഹിക-സാംസ്കാരിക-കാരുണ്യ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കൂട്ടായ്മ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.