കർബാബാദ് തീരത്ത് ഉപേക്ഷിക്കപ്പെട്ട ഭക്ഷണവണ്ടികൾ മാറ്റുന്നു
മനാമ: കർബാബാദ് തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഭക്ഷണവണ്ടികൾക്കെതിരെ നടപടിയുമായി കാപിറ്റൽ മുനിസിപ്പാലിറ്റി. പൊതു ഇടങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ അന്തരീക്ഷം നിലനിർത്തുന്നതിന്റെയും ഭാഗമായാണ് നടപടി.പ്രവർത്തനരഹിതമായ ഫുഡ് കോർട്ടുകളും മറ്റ് സ്ഥാപനങ്ങളും കണ്ടെത്താൻ മുനിസിപ്പാലിറ്റി പതിവായി പരിശോധനകൾ നടത്തുന്നുണ്ട്. നിയമം ലംഘിക്കുന്നവർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ അനധികൃത വസ്തുക്കൾ നീക്കാനുള്ള നോട്ടീസ് നൽകും. അതിന് തയാറായില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കും. ഇത് പൊതു ഇടങ്ങൾ സംരക്ഷിക്കാനും സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ അവ ഉപയോഗിക്കാനും സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. രാജ്യത്തെ പ്രധാന ചരിത്രപരമായ സ്ഥലങ്ങളിലൊന്നായ കർബാബാദ് തീരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
പ്രദേശത്തെ വികസനം, പരിസ്ഥിതി സംരക്ഷണം, സൗന്ദര്യപരമായ ആകർഷണം എന്നിവ നിലനിർത്താനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. വൃത്തിയുള്ളതും സുരക്ഷിതവുമായ തീരപ്രദേശങ്ങൾ നിലനിർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. അധികാരികൾ, ബിസിനസ് ഉടമകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണം തീരപ്രദേശങ്ങളുടെ സൗന്ദര്യം വർധിപ്പിക്കാനും ഭാവി തലമുറകൾക്കായി അവ നിലനിർത്താനും അത്യന്താപേക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.