മനാമ: സ്വർണം വാങ്ങാനെന്ന വ്യാജേന കടയിലെത്തി സ്വർണ ബിസ്കറ്റ് കവർന്നു. കഴിഞ്ഞ ദിവസം മുഹറഖ് ഗോൾഡ് സൂഖിലെ ഷൈമ ജ്വല്ലറിയിലാണ് സംഭവം. ഇൗ മാസം 23ന് രാത്രി എട്ടുമണിക്കാണ് ഹിന്ദി സംസാരിക്കുന്ന രണ്ടു പുരുഷൻമാർ കടയിലെത്തിയത്. ഇവർ ചെയിൻ വേണമെന്ന് ആവശ്യപ്പെട്ടു. ചെയിൻ കാണിച്ചുകൊടുക്കുന്നതിനിടെ ഇവിടെ ഡിസ്പ്ലെയിൽ വെച്ചിരുന്ന ബിസ്കറ്റ് പുറത്തെടുക്കാൻ പറഞ്ഞു. അത് പുറത്തെടുത്ത ശേഷം ശ്രദ്ധമാറ്റി വീണ്ടും ചെയിനിനെപ്പറ്റിയായി സംസാരം. 120 ദിനാർ വിലവരുന്ന ചെയിനിന് ഇവർ 500െൻറ സൗദി, ഖത്തർ നോട്ടുകളാണ് കൊടുത്തത്. ഇത് 120 ദിനാർ തികയില്ലെന്ന് കടക്കാരൻ പറഞ്ഞപ്പോൾ അതിനെ ചൊല്ലി തർക്കമാവുകയും ഇവർ പൊടുന്നന്നെ ഷോപ്പ് വിടുകയും ചെയ്തു. 8.10നാണ് ഇവർ ഷോപ്പിൽ നിന്നിറങ്ങിയത്.ഇതിനകം ഇവർ സ്വർണ ബിസ്കറ്റ് കവർന്നിരുന്നു. പിറ്റേന്ന് കാലത്ത് വന്ന് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായ വിവരം മനസിലായത്. ഉടൻ ജ്വല്ലറി നടത്തിപ്പുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് വന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യത്തിൽ, കടയിലെത്തിയവർ സ്വർണ ബിസ്കറ്റ് പഴ്സിലേക്ക് മാറ്റുന്നത് വ്യക്തമായി കാണുന്നുണ്ട്. സ്വർണ ബിസ്കറ്റിന് 1500 ദിനാറിന് മുകളിൽ വിലവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.