ഹനാൻ ഷാ, മാത്യു കുഴൽനാടൻ, വി.എസ്. ജോയ്
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ യൂത്ത് ഫെസ്റ്റ് 2025 സുബി ഹോംസുമായി സഹകരിച്ചുകൊണ്ട്, ആഗസ്റ്റ് 21ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ 13 വർഷമായി ബഹ്റൈനിലെയും നാട്ടിലെയും ജീവകാരുണ്യ, വിദ്യാഭ്യാസ, കല, കായിക, വനിതാ ശാക്തീകരണ മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ഐ.വൈ.സി.സി, യുവജനങ്ങളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രശസ്ത യുവഗായകൻ ഹനാൻ ഷായുടെ സംഗീത പരിപാടിയാണ് യൂത്ത് ഫെസ്റ്റിന്റെ പ്രധാന ആകർഷണം. ഹനാൻ ഷായോടൊപ്പം ബഹ്റൈനിലെ കലാകാരന്മാരും പരിപാടികൾ അവതരിപ്പിക്കും. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ യൂത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് മുഖ്യാതിഥി ആയിരിക്കും. ഐ.ഒ.സി ചെയർമാൻ മുഹമ്മദ് മൻസൂർ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യം പരിപാടിക്ക് മികവേകും.
ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ആക്ടിങ് ജനറൽ കൺവീനർ ബേസിൽ നെല്ലിമറ്റം, ഫിനാൻസ് ആക്ടിങ് കൺവീനർ മണികണ്ഠൻ ചന്ദ്രോത്ത്, പ്രോഗ്രാം കൺവീനർ ഫാസിൽ വട്ടോളി, റിസപ്ഷൻ കൺവീനർ നിധീഷ് ചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ മുഹമ്മദ് ജസീൽ, എല്ലാ വർഷത്തെയും പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സംഘടന പുറത്തിറക്കുന്ന മാഗസിന്റെ ഈ വർഷത്തെ എഡിറ്റർ ജയഫർ അലി വെള്ളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. യൂത്ത് ഫെസ്റ്റിവൽ 2025ലേക്ക് ബഹ്റൈനിലെ മുഴുവൻ കലാസ്നേഹികളെയും സ്വാഗതംചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.