?ഞാൻ ഇവിടെ ഒരു ബ്രിട്ടീഷ് സിലബസ് സ്കൂളിൽ രണ്ടര വർഷമായി സയൻസ് അധ്യാപികയായി ജോലി ചെയ്യുന്നു. ആശ്രിത വിസയിൽ ആണ്. ഭർത്താവിന്റെ ജോലിയുടെ ഭാഗമായി മറ്റൊരു രാജ്യത്തേക്ക് പോകേണ്ടതുണ്ട്. അതിനാൽ ഞാൻ സ്കൂളിൽ ഒരു മാസത്തെ മുൻകൂർ രാജിക്കത്ത് നൽകിയപ്പോൾ രണ്ടുമാസത്തെ ശമ്പളം നൽകണം എന്നുപറയുന്നു. തൊഴിൽ കരാർ ഒപ്പുവെച്ചതിൽ കരാർ പൂർത്തി ആക്കാതെ രാജിവെച്ചാൽ രണ്ടുമാസത്തെ ശമ്പളം സ്കൂളിന് നൽകണം എന്ന നിബന്ധന ഉണ്ട്. ഇതു ബഹ്റൈൻ തൊഴിൽ നിയമപ്രകാരം നിയമ സാധുത ഉള്ളതാണോ. മറുപടി പ്രതീക്ഷിക്കുന്നു?. ഒരു സ്ഥാപനത്തിന് (സ്കൂളിന്) അവരുടെ സ്റ്റാഫിന് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നല്കാതിരിക്കാൻ നിയമപരമായി അവകാശം ഉണ്ടോ?. സ്റ്റാഫിന് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ നിയമപരമായി എന്തെങ്കിലും നടപടി സ്വീകരിക്കാൻ പറ്റുമോ?.
(ലേഖ)
• താങ്കളുടേത് ഒരു നിശ്ചിത കാലത്തേക്കുള്ള കരാറാണ്. കാലാവധി കഴിയാതെ റദ്ദുചെയ്യാൻ പാടില്ല. അഥവാ റദ്ദുചെയ്താൽ രണ്ടു മാസത്തെ ശമ്പളം സ്കൂളിന് നഷ്ടപരിഹാരമായി നൽകണമെന്നാണ് താങ്കളുടെ തൊഴിൽ കരാറിലുള്ളത്. ഈ വ്യവസ്ഥ താങ്കൾ അംഗീകരിക്കുകയും ചെയ്തു. അതുകൊണ്ട് ഈ വ്യവസ്ഥക്ക് നിയമസാധുതയുണ്ട്. ഈ കാര്യത്തിൽ ഒരു ബഹ്റൈൻ അഭിഭാഷകന്റെ അഭിപ്രായം കൂടി തേടുന്നത് നല്ലതാണ്.
തൊഴിൽ നിയമപ്രകാരം തൊഴിൽ ചെയ്യുന്ന സമയത്തോ, തൊഴിൽ കഴിഞ്ഞുപോകുന്ന സമയത്തോ, തൊഴിലാളി ആവശ്യപ്പെട്ടാൽ തൊഴിലുടമ സർവിസ് സർട്ടിഫിക്കറ്റ് നൽകണം. അതിൽ കാണിച്ചിരിക്കേണ്ട ചുരുങ്ങിയ വിവരങ്ങൾ: തൊഴിൽ തുടങ്ങിയ ദിവസം, സാലറി, മറ്റുആനുകൂല്യം, തൊഴിൽ പരിചയം, വിദഗ്ധ തൊഴിൽ പരിജ്ഞാനം, തൊഴിൽ നിർത്തുമ്പോഴുള്ള കാരണം, തൊഴിൽ നിർത്തിപ്പോകുന്ന തീയതി എന്നിവയാണ്.
സർവിസ് സർട്ടിഫിക്കറ്റ് തരുന്നില്ലെങ്കിൽ കോടതിയെ സമീപിച്ചാൽ തീർച്ചയായും ലഭിക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.