വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാൻ്റെ ആക്രമണം അവസാനിപ്പിക്കണം: ഐ.എം.ഒ പ്രമേയത്തെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ

മനാമ: വാണിജ്യ കപ്പലുകൾക്കും സമുദ്ര അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഇറാൻ്റെ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ പാസാക്കിയ പ്രമേയത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു. ഐ.എം.ഒയുടെ മറൈൻ എൻവയോൺമെന്റ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ 84ാമത് സെഷനിലാണ് ഈ സുപ്രധാന പ്രമേയം പുറപ്പെടുവിച്ചത്.

ടാങ്കറുകൾക്കും തുറമുഖങ്ങൾക്കും തീരദേശ സൗകര്യങ്ങൾക്കും നേരെയുള്ള ഭീഷണികളെ പ്രമേയം ശക്തമായി അപലപിച്ചു. ഇത്തരം നടപടികൾ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന് മാത്രമല്ല, അറേബ്യൻ ഗൾഫിലെയും ഒമാൻ കടലിലെയും ലോലമായ സമുദ്ര പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി.

യു.എൻ സുരക്ഷ കൗൺസിൽ പ്രമേയം 2817 പാലിച്ച് മുന്നോട്ട് പോകാൻ ഇറാൻ തയ്യാറാകണമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഹുർമുസ് കടലിടുക്കിലൂടെയും മറ്റ് പ്രധാന ജലപാതകളിലൂടെയുമുള്ള ഗതാഗത സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കണമെന്ന ഐ.എം.ഒയുടെ നിയമ-പരിസ്ഥിതി സമിതികളുടെ നിർദ്ദേശങ്ങൾ ഇറാൻ മാനിക്കണം. അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കൺവെൻഷനും അനുസൃതമായിരിക്കണം പ്രവർത്തനങ്ങളെന്നും രാജ്യം ഓർമ്മിപ്പിച്ചു.

സമുദ്ര സുരക്ഷയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര-മേഖല തലങ്ങളിൽ സഹകരണം ശക്തമാക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു. സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണം കേവലം ഗതാഗത ആവശ്യങ്ങൾക്ക് മാത്രമല്ല, മറിച്ച് മേഖലയുടെയും ലോകത്തിന്റെയും സുസ്ഥിര വികസനത്തിനും സുരക്ഷക്കും അനിവാര്യമാണെന്നും ബഹ്‌റൈൻ വ്യക്തമാക്കി.

Tags:    
News Summary - Iran must end attacks on commercial vessels: Bahrain welcomes IMO resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.