മനാമ: മുഹറഖിലെ പേളിങ് പാത്തിൽ സ്ഥാപിക്കാനുള്ള കിയോസ്കുകൾ രൂപകൽപന ചെയ്യാൻ വാസ്തുശിൽപികളെയും ഡിസൈനർമാരെയും ക്ഷണിച്ച് ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് (ബി.എ.സി.എ). ബഹ്റൈനിന്റെ പവിഴമുത്ത് വ്യാപാര പൈതൃകം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ച പേളിങ് പാത്തിൽ സമകാലിക ഡിസൈനുകൾ സംയോജിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ 'ഓപൺ കോൾ' പ്രഖ്യാപിച്ചത്. ചരിത്രപരമായ പ്രാധാന്യം നിലനിർത്തിയും യുനെസ്കോ മാനദണ്ഡങ്ങൾ പാലിച്ചും നൂതനവും ക്രിയാത്മകവുമായ രൂപകൽപനകൾ സമർപ്പിക്കാൻ ഡിസൈനർമാരോട് ബി.എ.സി.എ ആവശ്യപ്പെട്ടു. മുഹറഖിന്റെ കാലാവസ്ഥയെ പരിഗണിച്ചുകൊണ്ടുള്ള രൂപകൽപനകൾക്ക് മുൻഗണന നൽകുമെന്നും അധികൃതർ വ്യക്തമാക്കി. സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നാല് കിയോസ്കുകളാണ് കമീഷൻ ചെയ്യുന്നത്.
ഇതിൽ ഒന്ന് ബു മാഹിർ കടൽത്തീരത്ത് വാട്ടർ സ്പോർട്സിനും ലഘുഭക്ഷണങ്ങൾക്കുമുള്ള ടിക്കറ്റ് ബൂത്തായി പ്രവർത്തിക്കും. ബാക്കിയുള്ള മൂന്നെണ്ണം പേളിങ് പാത്തിലുള്ള അൽ ദാന, അൽ ജിവാൻ, അൽ ഖ്മാഷ് പൊതുചത്വരങ്ങളിൽ ഭക്ഷ്യ, പാനീയ സേവനങ്ങൾക്കായി സ്ഥാപിക്കും.
ഓരോ കിയോസ്കിന്റെയും അടച്ച ഭാഗത്തിന് രണ്ട് മുതൽ നാല് ചതുരശ്ര മീറ്റർ വരെ വിസ്തീർണമുണ്ടാകണം. ഒരു ഇടത്തരം കോഫി മെഷീൻ, റഫ്രിജറേറ്റർ, കൗണ്ടർ, കാഷ് രജിസ്റ്റർ എന്നിവ ഉൾക്കൊള്ളാൻ കഴിയണം. കൂടാതെ, നാല് മേശകളും കസേരകളും സ്ഥാപിക്കാൻ കഴിയുന്നത്ര തുറന്ന സ്ഥലവും ആവശ്യമാണ്. എയർ കണ്ടീഷനിങ്, ശരിയായ വെന്റിലേഷൻ, സൈനേജ് സ്ഥാപിക്കാനുള്ള സ്ഥലം, സുരക്ഷിതമായ ലോക്ക് ചെയ്യാവുന്ന വിൻഡോ എന്നിവയും കിയോസ്കിന് ഉണ്ടായിരിക്കണം. ഉപയോഗമില്ലാത്ത സമയങ്ങളിൽ എളുപ്പത്തിൽ മാറ്റിസൂക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ളതാവണം ഇവ. വ്യക്തിഗതമായോ ഒരുമിച്ച് ചേർന്നോ ഡിസൈൻ സ്ഥാപനങ്ങളായോ പങ്കെടുക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) പൗരന്മാർക്കും താമസക്കാർക്കും മത്സരത്തിൽ പങ്കെടുക്കാം. ഡിസൈനിന്റെ വിശദാംശങ്ങൾ, പോർട്ട്ഫോളിയോ, സൈറ്റ് പ്ലാനുകൾ, ഡ്രോയിങ്ങുകൾ, മെറ്റീരിയൽ വിവരങ്ങൾ, ത്രിഡി ദൃശ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന 300 വാക്കുകളുള്ള ഒരു പ്ലാൻ സമർപ്പിക്കണം. ബി.എ.സി.എയിലെ ഒരു ജൂറി ആയിരിക്കും എൻട്രികൾ വിലയിരുത്തുക.
ഒരു വിജയിയെയും രണ്ട് റണ്ണർ അപ്പുകളെയും തെരഞ്ഞെടുക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ ആറിന് രാത്രി 11.59 ആണ്. മത്സരത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ pearlingpath@culture.gov.bh എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.