മനാമ: കോവിഡ്-19 കാലത്തും തുടരുന്ന പലിശ ഇടപാടുകാരുടെ ചൂഷണത്തിനെതിരെ പലിശ വിരുദ്ധ സമിതി ശക്തമായി രംഗത്ത്. പാസ്പോർട്ടുകൾ ഈടായി നൽകി പലിശ ഇടപാട് നടത്തി ദുരിതത്തിലായ നാലുപേർക്കാണ് ഒടുവിൽ സമിതിയുടെ സഹായം എത്തിയത്. പലിശക്കാരൻ വാങ്ങിവെച്ചിരുന്ന പാസ്പോർട്ടുകൾ സമിതിയുടെ ഇടപെടലിലൂടെ ഇവർക്ക് തിരികെ ലഭിച്ചു. വിവിധ ആവശ്യങ്ങൾക്കുവേണ്ടിയാണ് ഇവർ മലയാളിയായ പലിശക്കാരനിൽനിന്ന് പണം വാങ്ങിയത്. കോവിഡ് -19 കാരണം ജോലിയും വരുമാനവും നിലച്ചതോടെയാണ് ഇവർ പലിശവിരുദ്ധ സമിതിയെ സമീപിച്ചത്.
സമിതി ചെയർമാൻ ജമാൽ ഇരിങ്ങൽ, ഉപദേശക സമിതി അംഗവും കേരള പ്രവാസി കമീഷൻ അംഗവുമായ കണ്ണൂർ സുബൈർ, സെക്രട്ടറി ദിജീഷ്, കൺവീനർ യോഗാനന്ദ്, നാസർ മഞ്ചേരി, സിയാദ് ഏഴംകുളം എന്നിവർ ഇപ്പോൾ നാട്ടിലുള്ള പലിശക്കാരനുമായി സംസാരിച്ച് പാസ്പോർട്ടുകൾ വിട്ടുകിട്ടാൻ നടപടി സ്വീകരിച്ചു. ഏറെ പരിശ്രമത്തിനുശേഷമാണ് പാസ്പോർട്ടുകൾ തിരിച്ചുനൽകാൻ തയാറായത്. തുടർന്ന് ഇൗ പാസ്പോർട്ടുകൾ ഇരകൾക്ക് കൈമാറി.
പാസ്പോർട്ടോ ഒപ്പിട്ട ബ്ലാങ്ക് മുദ്രപ്പത്രമോ ഒരു ഇടപാടുകൾക്കും ഈടായി നൽകരുതെന്ന് പലിശ വിരുദ്ധ സമിതി ഭാരവാഹികൾ പൊതുസമൂഹത്തോട് അഭ്യർഥിച്ചു. സമിതിക്ക് ലഭിച്ച മറ്റ് ചില പരാതികളിന്മേലുള്ള ഇടപെടലുകൾ ഉടനുണ്ടാവുമെന്നും ഭാരവാഹികൾ അറിയിച്ചു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരും വിവിധ സംഘടനാ ഭാരവാഹികളും അംഗങ്ങളായ പലിശ വിരുദ്ധ സമിതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 33882835, 35050689 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.