വിദ്യാർഥികൾക്ക് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് സമ്മാനം കൈമാറുന്നു
മനാമ: ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയും (ജി.പി.ഐ.സി) ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയവും (എം.ഒ.ഇ) സംയുക്തമായി സംഘടിപ്പിച്ച 20ാമത് വാർഷിക പരിസ്ഥിതി ഗവേഷണ പരിപാടി 2024-25ൽ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐ.എസ്.ബി) വിദ്യാർഥികൾക്ക് ഒന്നാം സമ്മാനം ലഭിച്ചു.ഇന്ത്യൻ സ്കൂൾ ക്ലാസ് 12 സയൻസ് വിദ്യാർഥികളായ ആദ്യ ശ്രിജയ്, ഷെർലിൻ സബ്രിയൽ എന്നിവരടങ്ങുന്ന ടീമാണ് വിജയിച്ചത്. സ്കൂൾ ടീമിനെ രസതന്ത്ര വിഭാഗം മേധാവി രാജശ്രീ കർണവർ നയിച്ചു.
‘പോളിമർ ചിറ്റോസാൻ തയാറാക്കലും കടലിൽനിന്ന് എണ്ണ ചോർച്ച നീക്കംചെയ്യുന്നതിനുള്ള ഉപയോഗവും’ എന്ന വിഷയത്തിലായിരുന്നു അവാർഡ് നേടിയ ഗവേഷണ പദ്ധതി. ഗവേഷണത്തിന്റെ ശാസ്ത്രീയ ആഴം, പ്രായോഗിക പ്രസക്തി, പാരിസ്ഥിതിക പ്രാധാന്യം എന്നിവ വിധികർത്താക്കളെ ആകർഷിച്ചു. ജി.പി.ഐ.സി സി.ഇ.ഒ യാസർ എ. റഹീം അലബ്ബാസി വിദ്യാർഥികൾക്ക് അവാർഡ് സമ്മാനിച്ചു. മികച്ച ഗവേഷണ പദ്ധതിക്കുള്ള അംഗീകാരമായി, ഓരോ വിദ്യാർഥിക്കും 750 ദീനാർ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിച്ചു.ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു. ശാസ്ത്ര മികവിനും പരിസ്ഥിതി സുസ്ഥിരതക്കും വേണ്ടിയുള്ള സ്കൂളിന്റെ തുടർച്ചയായ പ്രതിബദ്ധതയുടെ തെളിവാണ് ഈ നേട്ടമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.