മനാമ: സർഗാത്മകതയുടെ നിറവിൽ ഇന്ത്യൻ സ്കൂളിന്റെ വാർഷിക യുവജനോത്സവമായ തരംഗിന്റെ സ്റ്റേജ് ഇതര ഇനങ്ങൾക്ക് തുടക്കമായി. മലയാളം, ഫ്രഞ്ച്, ഹിന്ദി, തമിഴ്, ഉർദു ഭാഷകളിൽ ഉപന്യാസരചന മത്സരത്തോടെയായിരുന്നു തുടക്കം. സെപ്റ്റംബർ 29ന് ഇസ ടൗൺ കാമ്പസിൽ എല്ലാ തലങ്ങൾക്കുമായി ഇംഗ്ലീഷ് ഉപന്യാസരചന മത്സരം നടന്നു. 6000ത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ വിദ്യാർഥികളുടെ ശ്രദ്ധേയമായ പങ്കാളിത്തമുണ്ടായി. 'രാഷ്ട്രനിർമാണത്തിൽ യുവാക്കളുടെ പങ്ക്' എന്ന സീനിയർ തലത്തിനുള്ള വിഷയം വിദ്യാർഥികളുടെ അവബോധം പ്രതിഫലിപ്പിച്ചു.
ഇംഗ്ലീഷ് ചെറുകഥ രചനയിലും ചിത്രരചന മത്സരത്തിലും നിരവധി വിദ്യാർഥികൾ പങ്കെടുത്തു. വർണാഭമായ പാറ്റേണുകൾ സൃഷ്ടിക്കുന്ന പരമ്പരാഗത ഇന്ത്യൻ നാടോടി കലയായ രംഗോലിയിൽ വിദ്യാർഥികളുടെ സർഗാത്മകത മാറ്റുരച്ചു. ഒക്ടോബർ ഒമ്പതിന് ഇസ ടൗൺ കാമ്പസിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ ഫെസ്റ്റിവലിന്റെ സ്റ്റേജ് പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഔപചാരിക ഉദ്ഘാടനത്തിന് ശേഷം നാടോടി നൃത്ത പ്രകടനം അരങ്ങേറും.
ഇസ ടൗൺ, റിഫ കാമ്പസുകളിലെ ഏഴ് വേദികളിലായി പരിപാടികൾ നടക്കും. റിഫ കാമ്പസിൽ ഭരതനാട്യം, കഥക് തുടങ്ങിയ ക്ലാസിക്കൽ വ്യക്തിഗത നൃത്തപ്രകടനങ്ങൾ നടക്കും. ഒക്ടോബർ 10, 11, 12, 13 തീയതികളിൽ സ്റ്റേജ് മത്സരങ്ങളും ഒക്ടോബർ 18, 25 തീയതികളിൽ ഡിബേറ്റ്, ക്വിസ് പരിപാടികളും നടക്കും. പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞരായ സി.വി. രാമൻ, ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി. ബോസ് എന്നിവരുടെ പേരിലുള്ള നാല് ഹൗസുകളിൽ വിദ്യാർഥികൾ മത്സരിക്കുന്നു.
ഏറ്റവും ഉയർന്ന വ്യക്തിഗത പോയന്റുകൾ നേടുന്ന വിദ്യാർഥികൾക്ക് കലാരത്ന, കലാശ്രീ അവാർഡുകൾ സമ്മാനിക്കും. ഓരോ ഹൗസിന്റെയും മൊത്തത്തിലുള്ള പ്രകടനത്തെ അടിസ്ഥാനമാക്കി ഹൗസ് ചാമ്പ്യൻ അവാർഡുകളും നൽകും.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജി. സതീഷ് എന്നിവർ വിദ്യാർഥികളുടെ ഉത്സാഹപൂർവമായ പങ്കാളിത്തത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.
അതത് വേദികളിൽ ഗ്രൂപ് ഇന സമ്മാനങ്ങൾ ഫലം പ്രഖ്യാപിക്കുമ്പോൾതന്നെ നൽകും. അതേസമയം വ്യക്തിഗത പ്രകടനങ്ങൾക്കുള്ള സമ്മാനദാനം പിന്നീട് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.