25 വർഷത്തിന് ശേഷം വീണ്ടും ഒത്തുകൂടിയ ഇന്ത്യൻ സ്കൂൾ 1999 ബാച്ച് വിദ്യാർഥികൾ
മനാമ: സ്കൂൾ കാലഘട്ടത്തിലെ മധുരമുള്ള ഓർമകൾ പുനരാവിഷ്കരിച്ച് ഇന്ത്യൻ സ്കൂളിലെ 1999ലെ ബാച്ച് വിദ്യാർഥികൾ. 135 ഓളം വിദ്യാർഥികളാണ് 25 വർഷത്തിനിപ്പുറം ജുഫെയറിലെ ഒയാസിസ് മാളിലെ മൈസൂർ കഫേയിൽ ഒത്തുചേർന്നത്. ഇന്നലെകളെ അവിസ്മരണീയമാക്കിയ സ്ഥലങ്ങളിലും വഴികളിലും വീണ്ടും സഞ്ചരിച്ചും വിനോദങ്ങളിലേർപ്പെട്ടും ഒത്തുചേരലിനെ അവർ മനോഹരമാക്കി.
പദ്ധതി ആവിഷ്കരിച്ച ടീമിന്റെ ആത്മാർഥതയും സമർപ്പണബോധവും പരിപാടിയെ കൂടുതൽ ഭംഗിയുള്ളതാക്കിയതായിതായി സംഘാടക സമിതി അംഗം സഫിയ ഖാൻ പറഞ്ഞു. ഞങ്ങളുടെ അംഗങ്ങൾ വ്യത്യസ്ത രാജ്യങ്ങളിലും മറ്റുമായി വ്യാപിച്ചു കിടക്കുകയായിരുന്നു. അവരെയെല്ലാം ഒരുമിച്ചു കൊണ്ടുവരാൻ സംഘാടക സമിതിക്ക് കഴിഞ്ഞു. വരും വർഷങ്ങളിൽ വീണ്ടും ഒത്തുകൂടാമെന്ന പ്രതീക്ഷകളുമായി ഈ ഗെറ്റുഗതറിനെ ഹൃദയത്തിൽ സൂക്ഷിക്കുന്നതായും അവർ പറഞ്ഞു.
25 വർഷങ്ങൾക്കുശേഷമുള്ള ഒത്തുചേരലിനായി അമേരിക്കയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്നത് അതിശയകരമായ കാര്യമായിരുന്നു. എന്നാലും വീണ്ടും പഴയ സുഹൃത്തുക്കളുമായി ഒത്തുകൂടാനും മനാമ സൂഖിലും പഠിച്ച സ്കൂളിലുമൊക്കെ പോയപ്പോൾ വീണ്ടും 16കാരനായി മാറിയെന്നും ഈ ഒത്തുചേരൽ ജീവിതകാലം മുഴുവൻ ഓർക്കുമെന്നും അമേരിക്കയിലെ ജോർജിയ അറ്റ്ലാന്റയിൽനിന്ന് പരിപാടിക്കെത്തിയ അഹ്മദ് ജാസിം പറഞ്ഞു. കാലം ഒരുപാട് കഴിഞ്ഞെങ്കിലും സൗഹൃദത്തിന്റെ ഓർമകളെയും ഒത്തുചേരലിനെയും അത്ഭുതമായാണ് കാണുന്നതെന്നാണ് ഓസ്ട്രേലിയയിൽനിന്നെത്തിയ ഡിസൂസ പറഞ്ഞത്. മറ്റ് രാജ്യങ്ങളിൽനിന്ന് വന്നവരും അല്ലാത്തവരുമായവർ തങ്ങളുടെ അനുഭവങ്ങളും ഓർമകളും പങ്കുവെച്ചും സൗഹൃദം പുതുക്കിയും വീണ്ടും ചേരാമെന്ന പ്രതീക്ഷയോടെ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.