മനാമ: തീവ്ര ദേശീയതയുടെ പേരിൽ അപര നിർമിതി നടത്തുന്ന ഫാഷിസ്റ്റ് പ്രവണതകളെ ചെറുക്കണമെന്ന് എസ്.ഐ.ഒ ദേശീയ പ്രസിഡൻറ് നഹാസ് മാള പറഞ്ഞു. ബഹ്റൈനിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. തീവ്രദേശീയതയുടെ മൂർത്ത രൂപമായി മാറുന്ന ഫാഷിസത്തെ പ്രതിരോധിക്കാൻ വൈവിധ്യങ്ങളുടെ സംഗമഭൂമിയായ ഇന്ത്യക്ക് സാധിക്കും. സ്വയം ഇര ചമഞ്ഞാണ് ഫാഷിസ്റ്റുകൾ അപരനിർമിതി നടത്തുന്നത്.
ഇഷ്ടമില്ലാത്തവരെ അപരസ്ഥാനത്ത് പ്രതിഷ്ഠിച്ച ശേഷം അവർ ഭീഷണിയാണെന്ന വ്യാജയുക്തി പ്രചരിപ്പിക്കുന്നു. വെറുപ്പിെൻറ രാഷ്ട്രീയം ഉയർത്തി അവരുടെ സാമൂഹിക പ്രതിനിധാനങ്ങളെയും അക്കാദമികമായ വളർച്ചയെയും കുറിച്ച് സമൂഹത്തിൽ ഭീതി പരത്തുന്നു. നാനാത്വത്തിലെ ഏകത്വം എന്ന വിഭാവനയെ തകർക്കാനുള്ള ശ്രമമാണ് സംഘ് പരിവാർ നടത്തുന്നത്. അതേ സമയം കോർപറേറ്റ് മുതലാളിത്തത്തിന് ദാസ്യവേല ചെയ്യുന്ന നയങ്ങൾ ഭരണതലത്തിൽ നടപ്പിലാക്കുകയും ചെയ്യുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുകയും അടിസ്ഥാന ജീവിത പ്രശ്നങ്ങൾ അവരിൽ നിന്ന് മറച്ചു പിടിക്കുകയും ചെയ്യുന്ന തന്ത്രം അധികനാൾ വിലപ്പോകില്ല. മനുഷ്യ മനസുകളെ വിഭജിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകുന്നതിനെ ഗൗരവമായി കാണണം.
ഇതിനെതിരായുള്ള ചെറുത്തുനിൽപ്പുകൾ ആർക്കെങ്കിലും ജയിക്കാൻ വേണ്ടിയുള്ളതല്ല.മറിച്ച് നാട് പരാജയപ്പെടാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമാണ്. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതടക്കമുള്ള വിഷയങ്ങളിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ സ്വരങ്ങളുയർന്നിട്ടുണ്ട്.
ചെറുത്തുനിൽപിെൻറ ഓരോ പ്രതിനിധാനങ്ങൾക്കും അതിേൻറതായ പ്രാധാന്യമുണ്ട്. ഒന്ന് മറ്റൊന്നിനോട് പുറം തിരിഞ്ഞ് നിൽക്കേണ്ട കാര്യമില്ല. ദേശവ്യാപകമായ രാഷ്ട്രീയ പ്രക്ഷോഭത്തിെൻറ പ്രതലത്തിലേക്ക് ഈ പ്രതിഷേധങ്ങൾ മാറേണ്ടതുണ്ട്.
ദേശീയ ബദൽ എന്ന പ്രതീക്ഷക്ക് പകരം പ്രാദേശികമായ ബദലുകൾ രൂപപ്പെടുത്തുകയും ദേശീയമായി അതിനെ ഏകോപിപ്പിക്കുകയുമാണ് ചെയ്യേണ്ടത്.
പ്രാദേശിക വൈവിധ്യങ്ങളിൽ സംഘടിച്ചുകൊണ്ട് തന്നെ ഫാഷിസത്തിനെതിരായ ബദൽ രൂപപ്പെടുത്താൻ കഴിയണം. വൈവിധ്യങ്ങളെ ഇന്ത്യയുടെ ശക്തിയായി കാണുകയും ബഹുസ്വരതയെ ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടതുണ്ട്. ഫെഡറലിസത്തിെൻറ അന്തസത്തയെ വരെ ചോദ്യം ചെയ്യുന്ന സമീപനങ്ങൾ അപകടകരമാണ്. ഭരണത്തിന് ഒറ്റ മുഖം എന്ന നിലയിലേക്ക് അധികാരത്തെ കേന്ദ്രീകരിക്കുന്നത് വിജയമാണെന്ന് കരുതുന്നത് മൗഢ്യമാണ്. അത് ജനാധിപത്യ സമൂഹത്തിെൻറ പരാജയത്തിെൻറ സൂചനയാണ്. നോട്ട് നിരോധനത്തിെൻറ കെടുതികൾ ഭരണനയങ്ങളുടെ പരാജയം വ്യക്തമാക്കിയെന്നും കോർപറേറ്റുകൾക്ക് വേണ്ടി രൂപപ്പെടുത്തുന്ന നയങ്ങൾ ജനങ്ങളുടെ ദുരിതം വർധിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ കാമ്പസുകളിൽ പ്രതിരോധത്തിെൻറ സമരജ്വാലകൾ രൂപപ്പെടുന്നത് ശുഭകരമായ സൂചനയാണ്. സാമൂഹിക ഘടനയിൽ മാനുഷിക മൂല്യം പോലും ലഭിക്കാത്തതിനെ ചോദ്യം ചെയ്യുന്നവരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും പ്രതിനിധാനങ്ങളാണ് കാമ്പസുകളിൽ ശക്തി പ്രാപിക്കുന്നത്.
ഹൈദരാബാദ്, ഉസ്മാനിയ, ജെ.എൻ.യു എന്നിവിടങ്ങളിലെല്ലാം ഈ ഉണർവ് പ്രകടമാണ്. രോഹിത് വെമുലയടക്കമുള്ളവർ ഉയർത്തിയ രാഷ്ട്രീയത്തിെൻറ പ്രതിധ്വനികൾ കാമ്പസുകളെ കൂടുതൽ സർഗാത്മകമാക്കുന്നുണ്ട്.
ഫാഷിസം അതിെൻറ ജനിതക ദൗർബല്യങ്ങൾ കൊണ്ട് തന്നെ ആത്യന്തികമായി പരാജയപ്പെടുമെന്നും നഹാസ് മാള കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.