ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് ആൽ സയാനിയും കൂടിക്കാഴ്ചക്കിടെ

മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത അഞ്ചാമത് ഹൈ ജോയന്റ് കമീഷൻ യോഗം ന്യൂഡൽഹിയിൽ നടന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് ആൽ സയാനിയും യോഗത്തിന് സംയുക്തമായാണ് അധ്യക്ഷത വഹിച്ചത്.

മനാമ ഡയലോഗ് 2025-ന്റെ വിജയത്തിന് ഡോ. ജയശങ്കർ ബഹ്‌റൈനെ അഭിനന്ദിച്ചു. ഡിസംബറിൽ നടക്കാനിരിക്കുന്ന ഗൾഫ് ഉച്ചകോടിയിലെ ബഹ്‌റൈന്റെ അധ്യക്ഷസ്ഥാനത്തിനും അദ്ദേഹം ആശംസകൾ നേർന്നു. ഇരുരാജ്യങ്ങളും കൈവരിച്ച പുരോഗതിയെ ഡോ. ജയശങ്കർ പ്രശംസിക്കുകയും, പുതിയ തന്ത്രപരമായ മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള ഇന്ത്യയുടെ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.

ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന് ലഭിക്കുന്ന പിന്തുണക്കും കരുതലിനും അദ്ദേഹം നന്ദി അറിയിച്ചു. ഏകദേശം അയ്യായിരം വർഷത്തെ ദിൻമൂൺ, സിന്ധു നദീതട സംസ്കാരങ്ങളുടെ ചരിത്രപരമായ സാംസ്കാരിക വിനിമയങ്ങളിൽ വേരൂന്നിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദമെന്ന് ഡോ. അൽ സയാനി ഊന്നിപ്പറഞ്ഞു. സാമ്പത്തിക ബന്ധങ്ങളാണ് ഈ ഉഭയകക്ഷി ബന്ധത്തിന്റെ നെടുംതൂണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേഖലയിലെ സമാധാനം, സഹവർത്തിത്വം, പരസ്പര ബഹുമാനം എന്നിവയിൽ അധിഷ്ഠിതമായ ബഹ്‌റൈന്റെ കാഴ്ചപ്പാട് ഡോ. അൽ സയാനി യോഗത്തിൽ അവതരിപ്പിച്ചു. അടുത്തിടെ അംഗീകരിച്ച ഗസ്സ സമാധാന പദ്ധതി ഈ കാഴ്ചപ്പാടിന് പുതിയ സാധ്യതകൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കക്ഷികളും സംയമനം പാലിക്കാനും വെടിനിർത്തൽ മാനിക്കാനും തങ്ങളുടെ കടമകൾ പൂർണമായി നിറവേറ്റാനും അദ്ദേഹം ആഹ്വാനം ചെയ്തു.

സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, വികസനം, സുരക്ഷ, ആരോഗ്യം, സംസ്കാരം, വിദ്യാഭ്യാസം, ടൂറിസം, ബഹിരാകാശ ശാസ്ത്രം എന്നിവയുൾപ്പെടെ ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ നിരവധി മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികൾ സമിതി ചർച്ച ചെയ്തു. കൂടാതെ, വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള രാഷ്ട്രീയ- നയതന്ത്ര ഏകോപനം വർധിപ്പിക്കാനും അന്താരാഷ്ട്ര വേദികളിൽ പരസ്പര പിന്തുണ തുടരാനും 2026-2027-ലെ യു.എൻ സുരക്ഷ കൗൺസിൽ കാലയളവിൽ സഹകരണം ശക്തിപ്പെടുത്താനും യോഗത്തിൽ ധാരണയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.