മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തവും സഹകരണവും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ധാരണ. ബഹ്‌റൈൻ സന്ദർശിക്കുന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ, ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുമായി മനാമയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.
ചരിത്രപരമായ ഉഭയകക്ഷി ബന്ധം എടുത്തുപറഞ്ഞ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല, ഇരുരാജ്യങ്ങളുടെയും വികസനത്തിനും ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും അനുസൃതമായി സഹകരണം തുടരാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കി. വ്യവസായം, ധനകാര്യം, ലോജിസ്റ്റിക്സ്, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ഭക്ഷ്യസുരക്ഷ, അത്യാധുനിക സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപ സാധ്യതകൾ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈന് പൂർണ പിന്തുണ പ്രഖ്യാപിച്ച ഇന്ത്യയുടെ നിലപാടിനെയും, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ബഹ്‌റൈൻ സ്വീകരിച്ച നടപടികളെ പിന്തുണച്ചതിനെയും ഉപപ്രധാനമന്ത്രി അഭിനന്ദിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സംഭാവനകളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. സഹിഷ്ണുതയുടെയും മതസൗഹാർദ്ദത്തിന്റെയും അടിസ്ഥാനത്തിൽ നിലനിൽക്കുന്ന ബഹ്‌റൈന്റെ ദേശീയ സ്വത്വത്തിന് വലിയൊരു കൈത്താങ്ങാണ് ഇന്ത്യൻ സമൂഹമെന്ന് അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ബഹ്‌റൈൻ കാണിക്കുന്ന പ്രതിബദ്ധതയെ ഡോ. ജയ്ശങ്കർ അഭിനന്ദിച്ചു. വിവിധ മേഖലകളിൽ സംയുക്തമായി പ്രവർത്തിക്കാനും ബന്ധം കൂടുതൽ ശക്തമാക്കാനുമുള്ള ഇന്ത്യയുടെ താല്പര്യം അദ്ദേഹം അറിയിച്ചു. ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് ആൽ സയാനിയും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.