മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയോടൊപ്പം

കർമനിരതനായ ഭിഷഗ്വരൻ

പവിഴദ്വീപിലെ മറ്റൊരു പ്രവാസി കർമയോഗി കൂടി അരങ്ങൊഴിഞ്ഞു. കഴിഞ്ഞ ദിവസം ഏറെ വേദനയോടെയാണ് പ്രിയപ്പെട്ട ചെറിയാൻ ഡോക്ടറുടെ വിയോഗ വാർത്ത അറിഞ്ഞത്. നാലര പതിറ്റാണ്ടു നീണ്ട അദ്ദേഹത്തിന്റെ പ്രവാസജീവിതത്തിന് തിരശീല വീഴുമ്പോൾ ഇവിടെയുള്ള പലരുടെയും മനസകങ്ങൾ വല്ലാതെ വിങ്ങിപ്പൊട്ടുന്നുണ്ടാവും. സാധാരണയായി ഡോക്ടർമാർ കൂടുതലൊന്നും പൊതുരംഗത്തുണ്ടാവാറില്ല. അവരുടെ ഔദ്യോഗിക ജോലിക്കപ്പുറം ജനങ്ങൾ അവരെ അറിയുകയുമില്ല. എന്നാൽ ബഹ്‌റൈനിലെ ഏതാണ്ടെല്ലാ പ്രവാസികൾക്കും സുപരിചതനായിരുന്നു ഡോക്ടർ പി.വി. ചെറിയാൻ. സാമൂഹിക, കലാ, സാംസ്കാരിക, ജീവകാരുണ്യ, മേഖലയിൽ അദ്ദേഹം തന്റെ ജീവിതാവസാനം വരെ ഏറെ സജീവമായിരുന്നു. സർക്കാർ സർവീസിൽ നിന്നും വിരമിച്ചതിനു ശേഷം സിനിമാ രംഗത്തും അദ്ദേഹം പ്രത്യക്ഷപ്പെടുന്നുണ്ട്.

 

ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് സഈദ് ജവാദ് ഹസൻ, ഡോ. മർയം ഹുജൈരി എന്നിവർക്കൊപ്പം ഡോ. പി.വി ചെറിയാൻ

ഒരു കാലത്ത് സൽമാനിയ മെഡിക്കൽ കോളേജിൽ എത്തുന്ന ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് വലിയ അത്താണിയും ആശ്വാസവും ആയിരുന്നു അദ്ദേഹം. ബഹ്‌റൈൻ രാജകുടുംബത്തിന്റെയും അന്തരിച്ച മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെയും മെഡിക്കൽ ടീമിൽ അംഗമായിരുന്നത് കൊണ്ട് ബഹ്‌റൈൻ അധികാരികളുമായിട്ട് വലിയ ആത്മ ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മലയാളി സംഘടനകളും കൂട്ടായ്മകളുമൊക്കെ നടത്തുന്ന പരിപാടികളിൽ ഇദ്ദേഹം എന്നും നിറസാന്നിധ്യമായിരുന്നു. ഞാൻ 20 വർഷങ്ങൾക്ക് മുമ്പ് ബഹ്‌റൈനിൽ വന്നത് മുതൽ സാമൂഹിക മേഖലയിൽ എന്നും കേൾക്കുന്ന പേരായിരുന്നു ഡോ. ചെറിയാന്റെത്. അന്ന് മുതൽ തുടങ്ങിയ പരിചയം ഇന്നും ഏറെ ബഹുമാനത്തോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നു. യൂത്ത് ഇന്ത്യ 2015ഇൽ ഇന്ത്യൻ സ്കൂളിൽ വെച്ച് നടത്തിയ മെഡിക്കൽ ഫെയറിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ഡോക്ടറുമായി കുറെ ദിവസം അടുത്തിടപഴകാൻ സാധിച്ചിച്ചിട്ടുണ്ട്. മിക്ക ദിവസങ്ങളിലും പരിപാടിയുമായി ബന്ധപ്പെട്ടുള്ള ആലോചനായോഗങ്ങൾ ഗഫൂളിലുള്ള ഓഫീസിൽ വെച്ചായിരുന്നു നടന്നിരുന്നത്. രാത്രി ഏറെ വൈകി യോഗവും കഴിഞ്ഞു ഭക്ഷണവും കഴിച്ചു വീട്ടിലേക്ക് മടങ്ങിയത് ഇന്നലെ കഴിഞ്ഞ പോലെയുള്ള ഓർമകളാണ്. മധുരത്തോടുള്ള അദ്ദേഹത്തിന്റെ വലിയ ഇഷ്ടം ആ കാലത്താണ് മനസിലായത്.

ഏത് ഉദ്യമം ഏറ്റെടുത്താലും അത് ഏറ്റവും പെർഫെക്ഷനോട് കൂടി നടത്തണമെന്ന് അദ്ദേഹത്തിനു വലിയ നിർബന്ധമുണ്ടായിരുന്നു . തന്റെ ഭാര്യയുടെ വിയോഗം അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. അതോടൊപ്പം പ്രായത്തിന്റെ പ്രയാസങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. എന്നിട്ടും അദ്ദേഹം വിശ്രമിക്കാൻ തയ്യാറായിരുന്നില്ല. കാരണം പൊതുയിടങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ അദ്ദേഹത്തിന് ആവുമായിരുന്നില്ല. നിഷ്കാമകർമികളായ അദ്ദേഹത്തെ പോലെയുള്ള സാമൂഹിക പ്രവർത്തകരാണ് സമൂഹത്തെ എന്നും മുന്നോട്ട് നയിക്കേണ്ടത്.  

Tags:    
News Summary - The hardworking doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.