മനാമ: ബഹ്‌റൈനിലെ സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും സ്വദേശി-വിദേശി തൊഴിലാളികൾക്കിടയിലെ വേതന വ്യത്യാസം ഇല്ലാതാക്കുന്നതിനുമായി വിദേശി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ സർക്കാർ വർദ്ധനവ് വരുത്തി. 2026 മുതൽ പ്രാബല്യത്തിൽ വന്ന ഈ പരിഷ്കാരം രാജ്യത്തിന്റെ തൊഴിൽ വിപണി നയങ്ങളിൽ വരുത്തിയ വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. എം.പി ഹമദ് അൽ ദോയിക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് തൊഴിൽ മന്ത്രാലയം ഈ പുതിയ നയങ്ങൾ വിശദീകരിച്ചത്.
സ്വദേശിവൽക്കരണത്തിന് കരുത്തേകുന്നതിനൊപ്പം നിലവിലുള്ള വേതന പിന്തുണ പദ്ധതികളും പരിശീലന പരിപാടികളും കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ ഈ ഫീസ് വർദ്ധനവ് സഹായിക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. ബഹ്‌റൈനികളായ ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിൽ മാന്യമായ വേതനവും കൂടുതൽ അവസരങ്ങളും ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ തൊഴിൽ മേഖലകളിൽ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന 'ബഹ്‌റൈനൈസേഷൻ' നിയമം ഇനി മുതൽ അതിശക്തമായി നടപ്പിലാക്കും.
ഈ നിബന്ധന ലംഘിക്കുന്ന കമ്പനികൾ ഓരോ വിദേശ തൊഴിലാളിയുടെയും പെർമിറ്റിന് മുകളിൽ പ്രതിമാസം പിഴ ഒടുക്കേണ്ടി വരുമെന്ന കടുത്ത നിർദ്ദേശവും മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്.
അതേസമയം, നിയമങ്ങൾ പാലിച്ച് കൂടുതൽ സ്വദേശികൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അത്തരം കമ്പനികൾക്ക് സർക്കാർ ടെൻഡറുകളിൽ പ്രത്യേക മുൻഗണന നൽകുന്നതിനൊപ്പം അവയുടെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണയും ഉറപ്പാക്കും.
അനധികൃതമായി ജോലി ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി പരിശോധനകൾ ഊർജ്ജിതമാക്കും. കൂടാതെ, വേതന പിന്തുണ പദ്ധതിയുടെ മറവിൽ സ്വദേശി തൊഴിലാളികളെ അന്യായമായി പിരിച്ചുവിടുന്ന പ്രവണത തടയാൻ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൃത്യമായ തൊഴിൽ നിയമങ്ങൾ പാലിക്കുന്ന ഒരു മികച്ച വിപണി സാഹചര്യം സൃഷ്ടിക്കാനാണ് ഈ പരിഷ്കാരങ്ങളിലൂടെ ബഹ്‌റൈൻ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.