മനാമ: പൊതുവരുമാനത്തിലുണ്ടായ വർധന പ്രതീക്ഷ നൽകുന്നതായി മന്ത്രിസഭ യോഗം വിലയിരുത്തി. 2021നേക്കാൾ കൂടുതൽ വളർച്ച പോയ വർഷം നേടാൻ സാധിച്ചതായി ഇതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. ബജറ്റ് കമ്മി കുറച്ചുകൊണ്ടുവരുന്നതിന് വളർച്ച സഹായകമാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. സാമ്പത്തിക ഉത്തേജന പാക്കേജ് ശരിയായ പാതയിലാണെന്ന് ഇത് വ്യക്തമാക്കുന്നതായി കാബിനറ്റ് വിലയിരുത്തി.
ഹംഗറി പ്രസിഡന്റുമായി ഹമദ് രാജാവ് നടത്തിയ കൂടിക്കാഴ്ചയും ചർച്ചയും ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും നയതന്ത്രബന്ധം ശക്തിപ്പെടുത്താനും സഹായിച്ചു. ചാരിറ്റി, സേവന മേഖലയിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഈസ ഹ്യുമാനിറ്റേറിയൻ അവാർഡ് കാരണമാകുമെന്നും മന്ത്രിസഭ വിലയിരുത്തി. മിഡിലീസ്റ്റ് എണ്ണ, ഗ്യാസ് എക്സിബിഷനും സമ്മേളനത്തിനും ബഹ്റൈന് ആതിഥ്യം വഹിക്കാനുള്ള അവസരം ലഭിച്ചത് നേട്ടമാണെന്നും വിലയിരുത്തി.
മിക്സഡ് മാർഷ്യൽ ആർട്സ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ബഹ്റൈനിൽ നിന്നുള്ള സംഘം ചരിത്രത്തിലാദ്യമായി ഇടംപിടിച്ചതിനെ മന്ത്രിസഭ അഭിനന്ദിച്ചു. സ്ഥാപകദിനം ആചരിക്കുന്ന സൗദി അറേബ്യയുടെ ഭരണാധികാരികൾക്കും ജനതക്കും മന്ത്രിസഭ ആശംസകൾ നേർന്നു. 62ാമത് ദേശീയദിനവും 32ാമത് വിമോചനദിനവും ആഘോഷിക്കുന്ന കുവൈത്ത് ഭരണാധികാരികൾക്കും ജനതക്കും ആശംസകൾ നേർന്നു.
ആരോഗ്യ മന്ത്രാലയവും റോയൽ കോളജ് ഓഫ് സർജൻസ് ഇൻ എഡിൻബറയുമായി വിദ്യാഭ്യാസ മേഖലയിലും ദന്തവൈദ്യ മൂല്യനിർണയത്തിലും സഹകരിക്കാൻ ധാരണയായി. വ്യോമഗതാഗത മേഖലയിലും അന്താരാഷ്ട്രതലത്തിലും മത്സരാധിഷ്ഠിത മുന്നേറ്റം തുടരാൻ കാബിനറ്റ് തീരുമാനിച്ചു. ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.