പ്രതീക്ഷയില്‍ വ്യവസായികള്‍

മനാമ: മുഖ്യമന്ത്രി പിണറായി വിജയന്‍െറ ബഹ്റൈന്‍ സന്ദര്‍ശന വേളയില്‍ നടന്ന ചര്‍ച്ചകളെ പ്രതീക്ഷയോടെയാണ് നിക്ഷേപകരും സംരംഭകരും കാണുന്നതെന്ന് പ്രമുഖ വ്യവസായികള്‍ പറഞ്ഞു. 
മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍. മുഖ്യമന്ത്രി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സമയ ബന്ധിതമായി നടപ്പാക്കാനായി എല്ലാ പിന്തുണയും നല്‍കുമെന്നും അവര്‍ അറിയിച്ചു. 
കേരളത്തിന് ഏറെ പ്രതീക്ഷ പകരുന്നതാണ് മുഖ്യമന്ത്രിയുടെ ബഹ്റൈന്‍ സന്ദര്‍ശനമെന്ന് ലുലുഗ്രൂപ്പ് മേധാവി എം.എ.യൂസഫലി പറഞ്ഞു. ഇവിടെ മുഖ്യമന്ത്രിക്ക് ലഭിച്ച വരവേല്‍പ്പും പരിഗണനയും ഇക്കാര്യം വ്യക്തമാക്കുന്നു. നിക്ഷേപകരെ ആകര്‍ഷിക്കുന്ന നിരവധി പദ്ധതികള്‍ കേരളം മുന്നോട്ടു വച്ചിട്ടുണ്ട്. 
പ്രവാസി മലയാളികള്‍ക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോട് ബഹ്റൈന്‍ ആശാവഹമായാണ് പ്രതികരിച്ചത്.  ഇക്കാര്യങ്ങള്‍ അടിയന്തിര പ്രാധാന്യമുള്ള  വിഷയമായി ഭരണകൂടം പരിഗണിക്കും എന്നാണ്  മനസിലാക്കുന്നത്. 
മുഖ്യമന്ത്രി ബഹ്റൈന്‍ ഭരണാധികാരികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച ഏഴിന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ‘ടാസ്ക് ഫോഴ്സ്’ നിലവില്‍ വരുമെന്നാണ് കരുതുന്നത്. 
ബഹ്റൈനില്‍ ഏതാണ്ട് 20,000 കോടിയുടെ നിക്ഷേപമുള്ള ലുലു ഗ്രൂപ്പ് കേരളത്തില്‍ 16,000 കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. 
ബഹ്റൈനില്‍ മൂലധന നിക്ഷേപമുള്ളവര്‍ക്ക് കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള സാധ്യതയും സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നതായി മനസിലാക്കുന്നു. 
ദീര്‍ഘ വീക്ഷണത്തോടെയുള്ള നയങ്ങളാണ് സര്‍ക്കാറിന്‍േറതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കേരളത്തിനുവേണ്ടി വിദേശ രാജ്യത്തെ ഭരണാധികാരികളുമായി ഇത്രയും വ്യക്തവും കൃത്യവുമായ പദ്ധതികള്‍ മുന്നോട്ടു വച്ചുള്ള ചര്‍ച്ച നടക്കുന്നത് ആദ്യമായിട്ടായിരിക്കുമെന്ന് പ്രമുഖ വ്യവസായി രവി പിള്ള പറഞ്ഞു.
അടുത്ത നവംബറില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ കേരള സന്ദര്‍ശനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം ബഹ്റൈന്‍ സര്‍ക്കാറിനുമുന്നില്‍ സമര്‍പ്പിച്ച ഏഴിന നിര്‍ദ്ദേശങ്ങളുടെ പൂര്‍ത്തീകരണത്തിന് ഈ സന്ദര്‍ശനത്തോടെ വ്യക്തത കൈവരുമെന്ന് കരുതാം.  
പ്രവാസികളുടെ വിദ്യാഭ്യാസം സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് ബഹ്റൈന്‍ സര്‍ക്കാര്‍ മുഖ്യപരിഗണനയാണ് നല്‍കിയിരിക്കുന്നത്. ഏറെ പ്രതീക്ഷ നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ  ബഹ്റൈന്‍ സന്ദര്‍ശമെന്നും അദ്ദേഹം പറഞ്ഞു. 
മുഖ്യമന്ത്രിയുടെ ബഹ്റൈന്‍ സന്ദര്‍ശനം ഏറെ ഗുണകരമായിരുന്നുവെന്ന് അല്‍ നമല്‍ ഗ്രൂപ്പ് മേധാവി വര്‍ഗീസ് കുര്യന്‍ പറഞ്ഞു. മുഖ്യമന്ത്രി ബഹ്റൈന്‍ ഭരണാധികാരികളുമായി ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് പ്രവാസി സമൂഹം താല്‍പര്യമെടുക്കേണ്ടതാണ്.
ബഹ്റൈന്‍ ഭരണാധികാരികള്‍ ഏറെ ആദരവോടെയാണ് കേരളത്തെ കാണുന്നത്. ആ സ്നേഹവും അടുപ്പവും കേരളീയ സമൂഹത്തിന്‍െറയും മലയാളികളായ പ്രവാസികളുടെയും നന്മക്കായി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന തരത്തില്‍ സമയബന്ധിതമായി പദ്ധതികള്‍ യാഥാര്‍ഥ്യമാക്കണം. 
ഇതിനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഒൗദ്യോഗിക സംവിധാനം നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Tags:    
News Summary - Imagination businessman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.