ബഹ്‌റൈനിൽ പുതിയ എ.ഐ സ്മാർട്ട് ലേണിംഗ് പ്ലാറ്റ്‌ഫോം ‘ബി-സെറ’ വരുന്നു

മനാമ: ഔദ്യോഗിക വിദ്യാഭ്യാസ സംവിധാനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ സ്മാർട്ട് ലേണിംഗ് പ്ലാറ്റ്‌ഫോമായ ‘ബി-സെറ’ പ്ലാറ്റ്‌ഫോമിന്റെ ട്രയൽ റൺ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ വിലയിരുത്തി. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ സഹായകരമാകുന്ന രീതിയിലാണ് ഈ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ ഡേറ്റകളും വിവരങ്ങളും സമഗ്രമായി വിശകലനം ചെയ്താണ് പ്ലാറ്റ്‌ഫോം സജ്ജീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ വിദ്യാർത്ഥികൾക്കായി എ.ഐ അസിസ്റ്റന്റിന്റെ സഹായത്തോടെ പാഠങ്ങൾ പഠിക്കാനും, പഠന പദ്ധതികൾ തയ്യാറാക്കാനും, സംഗ്രഹങ്ങളും വിശദീകരണങ്ങളും ലഭ്യമാക്കാനും ലേണിംഗ് മാനേജ്മെന്റ് സേവനങ്ങൾ ഇതിലൂടെ സാധ്യമാകും. കൂടാതെ ഇൻ്ററാക്ടീവ് ടെസ്റ്റുകളിലൂടെ വിദ്യാർത്ഥികൾക്ക് സ്വയം വിലയിരുത്തൽ നടത്താനും, ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഫീഡ്‌ബാക്ക് നേടാനും ഇതുവഴി സാധിക്കും.

അധ്യാപകർക്ക് പാഠങ്ങളും വിദ്യാഭ്യാസ പദ്ധതികളും എളുപ്പത്തിൽ തയ്യാറാക്കാനും, അധ്യാപന രീതികൾ മെച്ചപ്പെടുത്താനുമുള്ള ടൂളുകളും പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം നേരിട്ട് സാധ്യമാക്കുന്നതിലൂടെ സ്കൂളുകളും കുടുംബങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും കുട്ടികളുടെ അക്കാദമിക് പുരോഗതി നിരീക്ഷിക്കാനും ഇത് സഹായിക്കും. ഔദ്യോഗിക വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നടപ്പിലാക്കുന്ന ആദ്യത്തെ സംരംഭമായാണ് ‘ബി-സെറ’ പ്ലാറ്റ്‌ഫോം വിലയിരുത്തപ്പെടുന്നത്.

ബഹ്‌റൈന്റെ വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സ്മാർട്ട് ലേണിംഗ് പ്ലാറ്റ്‌ഫോം ഔദ്യോഗികമായി പ്രവർത്തനസജ്ജമാകുന്നത്.

Tags:    
News Summary - New AI smart learning platform ‘B-Sera’ coming to Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.