ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ- ഐ.സി.ആർ.എഫ് ബഹ്റൈൻ സംഘടിപ്പിച്ച കലണ്ടർ പ്രകാശനചടങ്ങ്
മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ- ഐ.സി.ആർ.എഫ് ബഹ്റൈൻ, ഞായറാഴ്ച ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫേബർ-കാസ്റ്റൽ സ്പെക്ട്ര കലണ്ടർ 2026 പുറത്തിറക്കി.
അടുത്തിടെ സമാപിച്ച വാർഷിക ആർട്ട് കാർണിവലായ ഫേബർ-കാസ്റ്റൽ സ്പെക്ട്ര 2025ലെ ഓരോ വിഭാഗത്തിൽ നിന്നുമുള്ള മികച്ച അഞ്ച് വിജയികൾ സൃഷ്ടിച്ച കലാസൃഷ്ടികൾ വാൾ കലണ്ടറിലും ഡെസ്ക് കലണ്ടറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിൽ പങ്കെടുത്ത യുവ കലാകാരന്മാർ പ്രകടിപ്പിച്ച അസാധാരണ കഴിവുകൾ കലണ്ടറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
കഴിഞ്ഞ 17 വർഷമായി സ്പെക്ട്രയുടെ പ്രധാന പിന്തുണക്കാരും ടൈറ്റിൽ സ്പോൺസറുമായ ഫേബർ-കാസ്റ്റലിന്റെ കൺട്രി ഹെഡ് അബ്ദുൾ ഷുക്കൂർ മുഹമ്മദിന് ആദ്യ പകർപ്പ് കൈമാറിക്കൊണ്ട് ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് ഡെസ്ക് കലണ്ടർ പ്രകാശനം ചെയ്തു. പരിപാടിക്ക് ഡ്രോയിങ്, പെയിന്റിങ് മെറ്റീരിയലുകൾ സ്ഥിരമായി നൽകുന്നവരാണ് ഫാബെർ കാസ്റ്റിൽ. ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ വാൾ കലണ്ടർ പുറത്തിറക്കി. അദ്ദേഹം ഒരു പകർപ്പ് മലബാർ ഗോൾഡിന്റെ റീജനൽ മാർക്കറ്റിങ് ഹെഡ് മുഹമ്മദ് ഹംദാന് കൈമാറി.
സ്പെക്ട്ര കൺവീനർ മുരളീകൃഷ്ണൻ ഫേബർ കാസ്റ്റൽ സ്പെക്ട്ര 2025 പരിപാടിയെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. കലണ്ടർ പ്രകാശന ചടങ്ങിൽ വളന്റിയർമാരും സപ്പോർട്ടേഴ്സും അധ്യാപകരും കോഓഡിനേറ്റർമാരും വിജയികളായ വിദ്യാർഥികളും പങ്കെടുത്തു. ഡിസംബർ അഞ്ചിന് നടന്ന ഫേബർ-കാസ്റ്റൽ സ്പെക്ട്ര കലാമത്സരം, യുവാക്കളിലെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടത്തിയത്.
ബഹ്റൈൻ രാജ്യത്തിലെ വിദ്യാർഥികൾക്കായുള്ള ഏറ്റവും വലിയ കലാ മത്സരമാണിത്. ഇസ ടൗണിലുള്ള ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയുടെ 17-ാമത് പതിപ്പിൽ ഏകദേശം 3,000 വിദ്യാർഥികൾ പങ്കെടുത്തു. വിജയികളെ അതേ ദിവസം തന്നെ പ്രഖ്യാപിക്കുകയും വിശിഷ്ടാതിഥികൾ അവരെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.