പിടിയിലായവർ
മനാമ: വിവിധ രാജ്യക്കാരായ 10 പേരെ മയക്കുമരുന്ന് കൈവശംവെച്ചതിന് അഞ്ച് വ്യത്യസ്ത കേസുകളിലായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ഏകദേശം 12 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. ഏകദേശം പിടിച്ചെടുത്ത മയക്കുമരുന്നുകൾ 176,000 ദിനാറിലധികം വിപണി മൂല്യം വരുമെന്ന് മന്ത്രാലയം അറിയിച്ചു.
21നും 42നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായ പ്രതികൾ. മയക്കുമരുന്ന് ദുരുപയോഗത്തിൽ നിന്നും കടത്തിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള നാർക്കോട്ടിക്സ് വിരുദ്ധ വകുപ്പും കസ്റ്റംസ് അധികൃതരുമായി സഹകരിച്ച് നടത്തിയ സുരക്ഷ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ്.
വിശ്വസനീയമായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണങ്ങളും തിരച്ചിലുകളുമാണ് പ്രതികളെയും മയക്കുമരുന്നുകളും പിടികൂടാൻ സഹായിച്ചതെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നുകൾ കണ്ടുകെട്ടിയതായും, നിയമനടപടികൾ ആരംഭിച്ചതായും, കേസുകൾ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ സമൂഹ പങ്കാളിത്തത്തിന്റെ പ്രാധാന്യം ക്രിമിനൽ മീഡിയാ ഡിവിഷൻ അടിവരയിട്ടു. മയക്കുമരുന്ന് കടത്തുമായോ വിതരണവുമായോ ബന്ധപ്പെട്ട് എന്തെങ്കിലും സംശയാസ്പദമായ വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, പൊതുജനങ്ങൾ ഹോട്ട്‌ലൈൻ 996-ൽ വിളിക്കുകയോ 996@interior.gov.bh എന്ന ഇമെയിൽ വിലാസത്തിൽ റിപ്പോർട്ട് ചെയ്യുകയോ ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. റിപ്പോർട്ടുകൾ 24/7 സ്വീകരിക്കുമെന്നും വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.