മനാമ: രാജ്യത്തെ യുവജനങ്ങളെയും സമൂഹത്തെയും മയക്കുമരുന്നിന്റെ ഭീഷണികളിൽനിന്ന് സംരക്ഷിക്കാൻ ബഹ്റൈൻ തങ്ങളുടെ ശ്രമങ്ങൾ വർധിപ്പിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ. ഗുദൈബിയയിലെ ഓഫിസേഴ്സ് ക്ലബിൽ മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം ആചരിക്കുന്നതിനായി മന്ത്രാലയം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരും ഗവർണർമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സന്നിഹിതരായിരുന്നു. ആഗോള തലത്തിൽ ജൂൺ 26ന് ആണ് ഈ ദിനം ആചരിച്ചത്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ബഹ്റൈനിലും യോഗം സംഘടിപ്പിച്ചത്. സംഘടിത കുറ്റകൃത്യങ്ങളുടെയും മയക്കുമരുന്ന് കടത്തിന്റെ ശ്രേണിയേയും തകർക്കാൻ ഏകോപിതവും ദീർഘകാലവുമായ നടപടികളുടെ ആവശ്യകതയെ സൂചിപ്പിക്കുന്നതായിരുന്നു ഈ വർഷത്തെ ദിനാചരണത്തിന്റെ ആശയം. അടിസ്ഥാനകാരണങ്ങളെ അഭിസംബോധന ചെയ്യുക, പ്രതിരോധത്തിൽ നിക്ഷേപിക്കുക, ശക്തമായ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സംവിധാനങ്ങൾ എന്നിവ കെട്ടിപ്പടുക്കുക എന്നിവയാണ് ദിനാചരണം പ്രധാനമായും ലക്ഷ്യമിട്ടത്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിന്റെ ആന്റിനാർകോട്ടിക്സ് ഡയറക്ടറേറ്റിനും മറ്റു ബന്ധപ്പെട്ട സുരക്ഷ അധികാരികളെയും സമൂഹത്തെ മയക്കുമരുന്നിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾക്ക് ആഭ്യന്തര മന്ത്രി നന്ദി പറഞ്ഞു. യുവജനങ്ങളെയും രാജ്യത്തിന്റെ ഭാവിയെയും സംരക്ഷിക്കുന്നതിന് മയക്കുമരുന്ന് സംബന്ധിയായ വെല്ലുവിളികളെ നേരിടാനുള്ള ദേശീയ ശ്രമങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിന്റെയും ബന്ധപ്പെട്ട സുരക്ഷ അധികാരികളുടെയും ഉദ്യോഗസ്ഥരെയും, മയക്കുമരുന്നിന്റെ വിപത്തിനെ ചെറുക്കുന്നതിനും ബോധവത്കരണം നടത്തുന്നതിനും മികച്ച പരിപാടികൾ സംഘടിപ്പിച്ചവരെയും, പിന്തുണ നൽകിയ ദേശീയ കമ്പനികളെയും സ്ഥാപനങ്ങളെയും മന്ത്രി ആദരിച്ചു.
രാജ്യത്തെ മയക്കുമരുന്ന് നിയന്ത്രണ പദ്ധതിയുടെ രണ്ടാം ഘട്ടം നിലവിൽ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പദ്ധതി വിജയകരമായിരുന്നു. 2025 ജനുവരി മുതൽ ഏപ്രിൽ വരെ, അധികൃതർ 700ൽ അധികം മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ രേഖപ്പെടുത്തുകയും 182 കിലോയിലധികം ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. സംശയാസ്പദമായ ഏതെങ്കിലും മയക്കുമരുന്ന് സംബന്ധിയായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഹോട്ട്ലൈൻ നമ്പറായ 996, ഓപറേഷൻസ് റൂം നമ്പറായ 999 എന്നിവയിലേക്കോ അല്ലെങ്കിൽ 996@interior.gov.bh എന്ന ഇ-മെയിൽ വഴിയോ രഹസ്യവിവരം നൽകാൻ മന്ത്രാലയം ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.