ഡോ. ബിന്ദു നായർ
മനാമ: ബഹ്റൈനിൽ സർക്കാർ അംഗീകൃത അസോസിയേഷനുകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത ജനറൽ സെക്രട്ടറിയായി സ്ഥാനമേൽക്കുന്ന അപൂർവ നേട്ടത്തിന് കെ.എസ്.സി.എ സാക്ഷിയായി. പ്രസിഡന്റ് രാജേഷ് നമ്പ്യാരിൽ നിന്നും ഭരണഘടനയുടെ കോപ്പി സ്വീകരിച്ചു കൊണ്ട് ഡോ. ബിന്ദു നായർ കെ.എസ്.സി.എയുടെ ജനറൽ സെക്രട്ടറിയായി ചുമതല ഏറ്റെടുത്തു. വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഡോ. ബിന്ദു നായരെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ നേതൃസ്ഥാനത്ത് ഒരു വനിത എത്തുന്നത് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജവും ഗുണപരമായ മാറ്റങ്ങളും കൊണ്ടുവരുമെന്ന് പ്രസിഡന്റ് രാജേഷ് നമ്പ്യാർ അഭിപ്രായപ്പെട്ടു.
സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യം, സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങൾ, യുവതി - യുവാക്കളുടെ ശാക്തീകരണം, ക്ഷേമ പദ്ധതികളുടെ പ്രാധാന്യം, കായികവും മാനസിക - ശാരീരിക ക്ഷേമം, സ്ത്രീ ശാക്തീകരണം, ബഹ്റൈൻ വിഷൻ 2030 തോടൊപ്പം നീങ്ങുന്ന പദ്ധതികൾ എന്നിവയുടെ പ്രാധാന്യം മറുപടി പ്രസംഗത്തിൽ ഡോ. ബിന്ദു നായർ വ്യക്തമാക്കി. ചടങ്ങിൽ ആക്ടിങ് ജനറൽ സെക്രട്ടറി സതീഷ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അംഗങ്ങൾക്കായി അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അനിൽകുമാർ യു.കെ, ട്രഷറർ അരുണിന്റെ അഭാവത്തിൽ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.
നിലവിലെ എക്സിക്യൂട്ടിവ് അംഗങ്ങളായ മനോജ് നമ്പ്യാർ, അനൂപ് പിള്ള, സുജിത്ത് കുമാർ എന്നിവരും മുൻ ഭരണസമിതികളിലെ പ്രസിഡന്റുമാരും, ഫൗണ്ടർ മെംബർമാരും സന്നിഹിതരായിരുന്ന ചടങ്ങിൽ സംഘടനയുടെ നടത്തിപ്പിന് ഉതകുന്ന മറ്റു ചില അഭിപ്രായങ്ങളും പങ്കു വെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.