മനാമ: സ്വകാര്യ മേഖലയിൽ, 30ൽ അധികം യോഗ്യതയുള്ള ബഹ്‌റൈൻ പൗരന്മാർ ലഭ്യമായ ജോലികളിൽ ഇനി വിദേശികളെ നിയമിക്കുന്നത് തടയുന്നതിനുള്ള അടിയന്തര നിർദേശത്തിന് പാർലമെന്‍റ് ഐകകണ്ഠ്യേന അംഗീകാരം നൽകി. ചേംബറിന്റെ പ്രതിവാര സമ്മേളനത്തിൽ അഞ്ച് എം.പിമാർ ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്. ഇത് തുടർ നടപടിക്കായി മന്ത്രിസഭക്ക് കൈമാറിയിട്ടുണ്ട്. ഈ നിർദേശം ബഹ്‌റൈന്റെ സാമ്പത്തിക കാഴ്ചപ്പാട് 2030 യാഥാർഥ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് നിർദേശത്തിന് നേതൃത്വം നൽകിയ സർവിസസ് കമ്മിറ്റി വൈസ് ചെയർമാൻ അബ്ദുൽവാഹിദ് ഖറാത്ത അഭിപ്രായപ്പെട്ടു.
ഒരു പ്രത്യേക തൊഴിൽ മേഖലയിൽ ഡസൻ കണക്കിന് യോഗ്യതയുള്ള ബഹ്‌റൈനികൾ തൊഴിൽരഹിതരായിരിക്കുമ്പോൾ, ആ തസ്തികകളിലേക്ക് വിദേശികളെ കൊണ്ടുവരുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് ഖറാത്ത പറഞ്ഞു. ലഭ്യമായ തദ്ദേശീയ വൈദഗ്ധ്യമുള്ള മേഖലകളിൽ നിയമനം ബഹ്‌റൈനികൾക്ക് അനുകൂലമായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർദേശ പ്രകാരം ഒരു പ്രത്യേക തസ്തികയിൽ 30ൽ അധികം തൊഴിൽരഹിതരായ സ്വദേശികളുണ്ടോ എന്ന് തൊഴിൽ മന്ത്രാലയം നിരീക്ഷിക്കണം. യോഗ്യതയുള്ള എല്ലാ പ്രാദേശിക അപേക്ഷകരെയും പരിഗണിക്കുന്നതുവരെ ആ തസ്തികകളിൽ വിദേശികളെ നിയമിക്കുന്നതിന് മരവിപ്പിക്കൽ നടപ്പിലാക്കണം. പൗരന്മാരുടെ തൊഴിൽ ഉറപ്പാക്കുന്നത് ഭരണഘടനയും വിഷൻ 2030ഉം ഊന്നിപ്പറയുന്ന ദേശീയ മുൻഗണനയാണ്. തൊഴിലില്ലായ്മ കുറക്കുന്നത് സാമൂഹിക സ്ഥിരത വർധിപ്പിക്കാനും, ദാരിദ്ര്യ നിരക്ക് കുറക്കാനും, ദേശീയ ഉൽപാദനക്ഷമത വർധിപ്പിക്കാനും സഹായിക്കുമെന്ന് പ്രമേയത്തെ പിന്തുണച്ചവർ ചൂണ്ടിക്കാട്ടി.
വിദേശ തൊഴിലാളികൾ വഴി പണം പുറത്തേക്ക് പോകുന്നതും, കറൻസി ചോർച്ചയും തടഞ്ഞ് കൂടുതൽ വരുമാനം രാജ്യത്തിനകത്ത് നിലനിർത്താൻ ഈ നീക്കം സഹായിക്കുമെന്നും, ഇത് സുസ്ഥിരമായ വളർച്ചക്ക് സംഭാവന നൽകുമെന്നുമാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.