മനാമ: പരമ്പരാഗത കൊമ്പുവെക്കൽ ചികിത്സ (കപ്പിങ് തെറാപ്പി) വീടുകളിൽ നിന്ന് അനുവദിക്കാനുള്ള നിർദേശങ്ങൾ രൂപപ്പെടുത്താൻ നീക്കമുള്ളതായി റിപ്പോർട്ട്. ഇത്തരത്തിൽ പദ്ധതി പരിഗണനയിലുണ്ടെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) ചീഫ് എക്സിക്യൂട്ടിവ് ഡോ.മറിയം അൽ ജലാഹ്മ വെളിപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇത് പ്രാബല്യത്തിൽ വരണമെങ്കിൽ ആദ്യം സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് അംഗീകാരം നൽകേണ്ടതുണ്ട്. നിർദേശത്തിന് അംഗീകാരം ലഭിക്കാതെയും മതിയായ ലൈസൻസ് ഇല്ലാതെ ആരെങ്കിലും ചികിത്സ തുടർന്നാൽ അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മറിയം അൽ ജലാഹ്മ വ്യക്തമാക്കി. പരമ്പരാഗത ചികിത്സകർക്ക് ചൈന വലിയ ഇളവ് നൽകിയിട്ടുണ്ട്. സമാന രീതിയിലുള്ള പരിഷ്കാരമാണ് ഇവിടെയും കൊണ്ടുവരാൻ ആഗ്രഹിക്കുന്നത്. അതിനായുള്ള നിയമങ്ങൾ രൂപപ്പെടുത്തി വരികയാണ്. ഹിജമ ചികിത്സകരെ നിലവിൽ ‘പ്രൊഡക്ടീവ് ഫാമിലി’കളെ പരിഗണിക്കുന്ന വിധത്തിൽ കാണാനാണ് ശ്രമിക്കുന്നത്. വീടുകൾ കേന്ദ്രീകരിച്ച് ഭക്ഷണ വ്യാപാരം നടത്തുന്ന യൂനിറ്റുകളാണ് ‘പ്രൊഡക്ടീവ് ഫാമിലി’യിലുള്ളത്.
നിലവിൽ ഇത്തരം ചികിത്സകൾ വീടുകളിൽ നിന്ന് ചെയ്തുകൊടുക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. കാരണം യാതൊരു മെഡിക്കൽ പരിശീലനവും നേടിയിട്ടില്ലാത്തവരാണ് ഇത് ചെയ്യുന്നത്. എന്നാൽ,മതിയായ പരിശീലനം നൽകി അവരെ പാരമ്പര്യ ചികിത്സകരായി അംഗീകരിക്കാനാകും. അതിനുമുമ്പായി ഇക്കാര്യം സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് തീരുമാനിക്കേണ്ടതുണ്ട്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ, ലൈസൻസില്ലാത്ത ചികിത്സകർക്കെതിരെ നടപടിയെടുക്കും. രാജ്യത്ത് ഇൗ ചികിത്സ വാഗ്ധാനം ചെയ്യുന്നവരുടെ പട്ടിക ഇതിനകം തയാറാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.ലൈസൻസ് ഇല്ലാതെ കൊമ്പുവെക്കൽ ചികിത്സ നടത്തുന്നവർക്കെതിരെ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം നോർതേൺ മുനിസിപ്പൽ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. പുറത്ത് ചെറിയ മുറിവുകളുണ്ടാക്കി പ്രത്യേക കപ്പുവഴി രക്തം വലിച്ചെടുക്കുന്ന രീതിയാണ് ഇൗ ചികിത്സയിൽ ചെയ്യുന്നത്. ഇത് പുറംവേദന, ആസ്തമ, അലർജി തുടങ്ങി വിവിധ രോഗങ്ങൾക്ക് ഫലപ്രദമാണെന്നാണ് വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.