മനാമ: ബഹ്റൈനി പൗരന്മാരുടെ പ്രവാസികളായ വിധവകൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പൗരന്മാർക്ക് തുല്യമായി നൽകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. ജലീല അൽ സയ്യിദ് അറിയിച്ചു. വിഷയം മന്ത്രാലയം വിലയിരുത്തിവരുകയാണെന്ന് മന്ത്രി സ്ഥിരീകരിച്ചു. 2018ലെ ആരോഗ്യ ഇൻഷുറൻസ് നിയമം അനുസരിച്ച്, സുപ്രീം കൗൺസിൽ ഫോർ ഹെൽത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ നിർബന്ധിത ഇൻഷുറൻസ് സമ്പ്രദായത്തിൽ പൗരന്മാരായി കണക്കാക്കുന്ന വിഭാഗങ്ങളുടെ പട്ടിക വികസിപ്പിക്കാൻ സാധിക്കും.
നീതിയും മാനുഷിക പരിഗണനയും ഉറപ്പാക്കാൻ വഴക്കമുള്ള രീതിയിലാണ് നിയമം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഡോ. ജലീല അൽ സയ്യിദ് പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് നിയമവുമായി ബന്ധപ്പെട്ട് പ്രവാസികളായ വിധവകളുടെ നിയമപരമായ സ്ഥാനം എന്താണെന്ന ശൂറാ കൗൺസിൽ അംഗം നാൻസി ഖദൂരിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ബഹ്റൈൻ പൗരന്മാരുടെ പല പ്രവാസികളായ പങ്കാളികളെയും കുട്ടികളെയും ആരോഗ്യ ഇൻഷുറൻസ് ചട്ടക്കൂടിനുള്ളിൽ പൗരന്മാരായി ഇതിനോടകം പരിഗണിക്കുന്നുണ്ടെന്ന് ഖദൂരി ചൂണ്ടിക്കാട്ടി.
എന്നാൽ ബഹ്റൈനി ഭർത്താവിന്റെ മരണശേഷം ഭാര്യയുടെ നിയമപരമായ അവസ്ഥ നിയമത്തിൽ വ്യക്തമായി പറയുന്നില്ല എന്നും അവർ നിരീക്ഷിച്ചു. വിധവകളെയും പൗരന്മാർക്ക് തുല്യമായ പരിരക്ഷ ലഭിക്കുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യത എസ്.സി.എച്ച് പഠിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ഡോ. അൽ സയ്യിദ് ഊന്നിപ്പറഞ്ഞു.
എല്ലാ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ബാധകമാണെന്ന് മന്ത്രി ആവർത്തിച്ചു. മന്ത്രിയുടെ മറുപടി ഞായറാഴ്ച നടക്കുന്ന ചേംബറിന്റെ പ്രതിവാര സെഷനിൽ ശൂറാ അംഗങ്ങളെ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.