മനാമ: ബഹ്റൈൻ തലസ്ഥാന ഗവർണറേറ്റിനെയും മുഹറഖിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു.
പദ്ധതി പ്രദേശം സന്ദർശിച്ച പൊതുമരാമത്ത് മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് മിശ്അൽ ബിൻ മുഹമ്മദ് ആൽ ഖലീഫ നിർമ്മാണ പുരോഗതി വിലയിരുത്തി. രാജ്യത്തെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടാനും ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണിത്.ഇരുവശങ്ങളിലേക്കും രണ്ട് വരികൾ വീതമുള്ള അത്യാധുനിക ഫ്ലൈഓവറാണ് നിർമിക്കുന്നത്. മനാമയിൽ നിന്ന് ശൈഖ് ഈസ ബിൻ സൽമാൻ കോസ്വേ വഴി വരുന്ന വാഹനങ്ങളെ ബുസൈത്തീനിലെ റോഡ് 105 ലൂടെ മുഹറഖ് റിങ് റോഡിലേക്ക് നേരിട്ട് എത്തിക്കാൻ ഈ പാലം സഹായിക്കും. മനാമ, മുഹറഖ്, ബുസൈത്തീൻ, അൽ സായ, ദിയാർ അൽ മുഹറഖ് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ഈ പാലം വലിയ ആശ്വാസമാകും.
പ്രധാനമായും ശൈഖ് ഈസ ബിൻ സൽമാൻ പാലം, അൽ ഗൗസ് അവന്യൂ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് കുറക്കാൻ പുതിയ പാതക്കാകും.
നഗരവൽക്കരണവും ജനസംഖ്യാ വർധനയും കണക്കിലെടുത്ത് ബഹ്റൈന്റെ റോഡ് ശൃംഖലയെ ആധുനികവത്കരിക്കാനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിർമാണം.വാണിജ്യ പ്രവർത്തനങ്ങൾക്കും റിയൽ എസ്റ്റേറ്റ് മേഖലക്കും ഒരുപോലെ ഗുണകരമാകുന്ന പദ്ധതി, ബഹ്റൈനെ ഒരു മികച്ച ബിസിനസ് കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. സന്ദർശന വേളയിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും എൻജിനീയർമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.