മനാമ: ബഹ്‌റൈനിൽ വേനൽക്കാലത്ത് നടപ്പിലാക്കുന്ന ഉച്ചസമയത്തെ പുറം ജോലി നിരോധനം മികച്ച ഫലം നൽകുന്നതായി റിപ്പോർട്ടുകൾ. സ്വകാര്യ മേഖലയിലെ കമ്പനികൾ നിയമം കർശനമായി പാലിക്കുന്നതിനാൽ തൊഴിലിടങ്ങളിലെ അപകടങ്ങൾ കുറയുകയും മരണങ്ങൾ ഒഴിവാക്കാനാവുകയും ചെയ്തു. ഫ്രീ ട്രേഡ് യൂണിയൻ ഫെഡറേഷൻ ഓഫ് ബഹ്‌റൈനും സർക്കാർ അധികൃതരും ചേർന്ന് നടത്തുന്ന കർശനമായ ഫീൽഡ് പരിശോധനകളും ബോധവൽക്കരണ പരിപാടികളുമാണ് ഈ നേട്ടത്തിന് കാരണം.
തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതികളിൽ ഹീറ്റ് സ്ട്രെസ്, സൂര്യാഘാതം എന്നിവ തടയുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുമായി തൊഴിലാളികൾക്ക് പരിശീലനം നൽകുന്നുണ്ട്. കഴിഞ്ഞ വർഷം അഞ്ചെണ്ണമായിരുന്ന ഫീൽഡ് സന്ദർശനങ്ങൾ ഇത്തവണ പത്തായി വർധിപ്പിച്ചു. ഓഗസ്റ്റ് 31-ന് നിരോധനം അവസാനിക്കുന്നതിന് മുമ്പ് 20 സന്ദർശനങ്ങൾ പൂർത്തിയാക്കാനാണ് പദ്ധതി.
2012 മുതൽ ഇതുവരെ 1,000ത്തിലധികം ബോധവൽക്കരണ പരിപാടികൾ നടത്തി 20,000ത്തിലധികം തൊഴിലാളികൾക്ക് പ്രയോജനം നൽകാൻ ഫെഡറേഷന് കഴിഞ്ഞു. ഇത് തൊഴിലിടങ്ങളിലെ സുരക്ഷാ സംസ്കാരം മെച്ചപ്പെടുത്തിയെന്ന് ഫെഡറേഷൻ പ്രസിഡന്റ് യാക്കൂബ് യൂസിഫ് മുഹമ്മദ് വ്യക്തമാക്കി. ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ഉച്ചയ്ക്ക് 12 മണി മുതൽ 4 മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് ബഹ്‌റൈനിൽ നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.