ഹയ ഫുഹാദ് വിമാനത്തിൽ കാബിൻ ക്രൂ സമ്മാനിച്ച കേക്കുമായി
മനാമ: ആകാശത്തെ സാക്ഷിയാക്കി പ്ലസ് ടു പരീക്ഷ വിജയം ആഘോഷിച്ച അമ്പരപ്പിലാണ് കണ്ണൂരുകാരി ഹയ ഫുഹാദ്. എയർ ഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച കാബിൻ ക്രൂ അംഗങ്ങളുടെ സർപ്രൈസ് ആശംസയുടെ ഞെട്ടലിൽനിന്ന് ഹയ ഇപ്പോഴും മുക്തമായിട്ടില്ല. ബഹ്റൈനിലെ ഇബ്നു ഹൈതം സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ ഹയ കഴിഞ്ഞ പതിമൂന്നാം തീയതിയാണ് കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകാനൊരുങ്ങിയത്. പ്രവാസ ലോകത്തുനിന്ന് സ്വന്തം നാട്ടിലേക്കുള്ള ആ യാത്ര ഓരോരുത്തർക്കും അത്രയേറെ വിശേഷപ്പെട്ടതാവും. എന്നാൽ ഹയ അന്ന് അത്ര സന്തോഷത്തിലായിരുന്നില്ല. കാരണം ആ ദിവസമാണ് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷ റിസൾട്ട് വരുന്നത്.
രാവിലെ പത്തു മണിക്കാണ് റിസൽട്ട് പ്രഖ്യാപിക്കുക. പക്ഷേ, അതിന് മുമ്പാണ് യാത്രാസമയം. അതായത് വിമാനത്തിൽ എമിഗ്രേഷൻ സമയത്താകും റിസൽട്ട് വരിക. പിന്നീട് നാട്ടിലെത്തിയാലേ അറിയാൻ സാധിക്കൂ. ഈ വേവലാധി ഹയയുടെ ഈ മനോഹരയാത്രയെ പിടിച്ചുലക്കുന്നുണ്ടായിരുന്നു. കാഴ്ചകളിലും ചിന്തകളിലും ആനന്ദം കാണാനാകാതെ റിസൾട്ടിനെക്കുറിച്ച് മാത്രം ചിന്തിച്ചിരിക്കുന്ന സമയം. വിമാനം പറന്നുയർന്നു. നേരം പത്ത് മണി കഴിഞ്ഞിട്ടുണ്ട്. റിസൽട്ട് വന്നിട്ടുണ്ടാകുമെന്ന തോന്നൽ ഹയയിലും എത്തി. ആ സമയത്താണ് ഹയയെ ഞെട്ടിച്ച് ഒരു അനൗൺസ്മെന്‍റ് വിമാനത്തിൽനിന്ന് വരുന്നത്. തന്‍റെ പേരോട് കൂടെ വിജയാശംസകൾ നേർന്നുകൊണ്ടുള്ള ആ അനൗൺസ്മെന്‍റ് ഹയയെ ശരിക്കും ഞെട്ടിച്ചു.
മികച്ച വിജയം നേടിയതിലെ ആശംസകളും കൂടെ ഒരു കേക്കുമായി കാബിൻ ക്രൂ അംഗങ്ങൾ ഹയക്കരികിലെത്തി. സന്തോഷം പങ്കിട്ടു. കാബിൻ ക്രൂ അംഗങ്ങളോട് നന്ദി പറയുമ്പോൾ സന്തോഷത്താൽ ഹയയുടെ വാക്കുകളിടറുന്നുണ്ടായിരുന്നു. സർപ്രൈസ് ഒരുക്കിയത് ബഹ്റൈനിലുള്ള കസിൻ ഹന ആയിശ നൂറും കുടുംബാംഗങ്ങളുമാണ്. എയർലൈൻ അധികൃതരുമായി റിസൽട്ട് വന്ന സമയം തന്നെ സംസാരിക്കുകയും അതിനായുള്ള അനുമതികൾ തേടുകയുമായിരുന്നു. ഒടുക്കം എയർലൈൻ അധികൃതരും പൈലറ്റും സമ്മതിച്ചു. ഒരിക്കലും മറക്കാനാകാത്ത ആ മനോഹര നിമിഷം പിന്നീട് ഹയക്കായി കാബിൻ ക്രൂ അംഗങ്ങൾ ഒരുക്കുകയായിരുന്നു. കണ്ണൂർ സ്വദേശികളായ ഫുഹാദിന്‍റെയും മുഫിയ ഫുഹാദിന്‍റെയും മകളാണ് ഹയ. അന്ന് യാത്രയിൽ ഹയക്കൊപ്പം ഉമ്മയും സഹോദരങ്ങളായ ഇസ്ര, ഇനാറ, ടാനിഷ് ഫുഹാദ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.