മനാമ: ബഹ്‌റൈനിലെ പ്രശസ്തമായ വേനൽക്കാല പഴങ്ങളിലൊന്നായ 'ലോസ്' വില കുത്തനെ ഉയർന്നു. ലഭ്യതക്കുറവ്, കടുത്ത ചൂട്, ആവശ്യക്കാരുടെ ആധിക്യം എന്നിവ കാരണം ചിലയിനം ലോസ് പഴങ്ങൾക്ക് ഒരു കിലോയ്ക്ക് 10 ബഹ്റൈൻ ദിനാർ വരെയാണ് വില എത്തിയിരിക്കുന്നത്. ജംബോ ഇനങ്ങൾ ഉൾപ്പെടെയുള്ള ചില ബഹ്‌റൈനി ഇനങ്ങൾക്ക് വിപണിയിൽ വൻവിലയാണ് ഈടാക്കുന്നത്.
കായ്കളുടെ തരവും ഗുണനിലവാരവും അനുസരിച്ച് വിലയിൽ വ്യത്യാസപ്പെടുന്നുണ്ട്. ഹബ്ബാൻ സീസൺ അവസാനിക്കുകയും അലക്സാഡ്രിയൻ ലോസ് വിപണിയിൽ എത്തിച്ചേരുകയും ചെയ്യുന്നതിനിടയിലുള്ള 10-12 ദിവസത്തെ ഇടവേളയിലാണ് ഈ വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള അലക്സാഡ്രിയൻ ലോസ് വിപണിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
ഒക്ടോബർ പകുതി വരെ ഇതിന്റെ സീസൺ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴങ്ങളുടെ ലഭ്യതക്കുറവാണ് വിലവർദ്ധനവിന് പ്രധാന കാരണമെന്ന് കർഷകർ പറയുന്നു. ജ്യൂസ് കടകളിൽ നിന്നും ഐസ്ക്രീം നിർമ്മാതാക്കളിൽ നിന്നും വലിയ തോതിലുള്ള ആവശ്യക്കാരുള്ളതും വിപണിയെ സ്വാധീനിക്കുന്നുണ്ട്. കൂടാതെ ബഹ്‌റൈന് പുറത്തുനിന്നുള്ള കച്ചവടക്കാരും വിപണിയിൽ സജീവമാണ്.
കടുത്ത ചൂടും ശക്തമായ സൂര്യപ്രകാശവും കർഷകരെയും ബാധിച്ചിട്ടുണ്ട്. ഉയർന്ന താപനില കാരണം മരങ്ങളിലെ കായ്കൾ കരിഞ്ഞുപോകുന്നത് വിളവെടുപ്പിനെ ബാധിക്കുന്നുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. അതിരാവിലെ മുതൽ തന്നെ കർഷകർ കടുത്ത ചൂടിൽ ജോലികൾ ചെയ്യേണ്ടി വരുന്നു. രുചിയും ഗുണനിലവാരവും കാരണം ബഹ്‌റൈനി ലോസിനാണ് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.
എന്നാൽ കൊമേഴ്സ്യൽ രജിസ്ട്രേഷൻ ഇല്ലാതെ റോഡരികിൽ കച്ചവടം നടത്തുന്ന അനധികൃത കച്ചവടക്കാർ തങ്ങൾക്ക് വലിയ തോതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ലൈസൻസുള്ള കർഷകരും വ്യാപാരികളും പരാതിപ്പെടുന്നു. വാടകയും മറ്റ് പ്രവർത്തനച്ചെലവുകളും നൽകി ബിസിനസ്സ് നടത്തുന്ന തങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.