വാറ്റ് രജിസ്‌ട്രേഷൻ നടപടികൾ എളുപ്പമാക്കി നാഷണൽ ബ്യൂറോ ഫോർ റെവന്യൂ; പ്രോസസ്സിങ് സമയം വെട്ടിച്ചുരുക്കി

മനാമ: സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിന്റെയും സർക്കാർ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായി, നാഷണൽ ബ്യൂറോ ഫോർ റെവന്യൂ തങ്ങളുടെ വാറ്റ് രജിസ്‌ട്രേഷൻ, ഡേറ്റ അപ്‌ഡേറ്റ് സേവനങ്ങൾ കൂടുതൽ നവീകരിച്ചു. നികുതിദായകർക്ക് എൻ.ബി.ആറിന്റെ ഇലക്ട്രോണിക് പോർട്ടൽ വഴി ലളിതമായ രീതിയിൽ രജിസ്ട്രേഷനും വിവരങ്ങൾ പുതുക്കലും പൂർത്തിയാക്കാൻ പുതിയ സംവിധാനം സഹായിക്കും.

പുതിയ വറ്റ് രജിസ്‌ട്രേഷനും ബാങ്കിങ്, ഫിനാൻഷ്യൽ വിവരങ്ങൾ ഉൾപ്പെടെയുള്ള നിലവിലുള്ള ഡേറ്റ അപ്‌ഡേറ്റ് ചെയ്യാനും ഈ സേവനം പ്രയോജനപ്പെടുത്താം. നിശ്ചിത പരിധിക്ക് മുകളിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ബിസിനസ്സുകൾക്ക് വാറ്റ് നിയമങ്ങൾ പാലിക്കാനും ഡേറ്റയുടെ കൃത്യത ഉറപ്പാക്കാനും ഇത് സഹായകരമാകും.

സേവനങ്ങൾ പുനഃക്രമീകരിച്ചതിന്റെ ഭാഗമായി അപേക്ഷകൾ തീർപ്പാക്കുന്നതിനുള്ള സമയം പ്രവൃത്തിദിനങ്ങൾ അടിസ്ഥാനമാക്കി 30 ദിവസത്തിൽ നിന്ന് 21 ദിവസമായി കുറച്ചിട്ടുണ്ട്. നികുതിദായകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന ഗുണനിലവാരം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടിക്രമങ്ങൾ ലളിതമാക്കിയിരിക്കുന്നത്.

സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതിനും എൻ.ബി.ആർ പ്രതിജ്ഞാബദ്ധമാണെന്ന് എൻ.ബി.ആർ സി.ഇ.ഒ റാണ ഇബ്രാഹിം ഫഖീഹി വ്യക്തമാക്കി. നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 1,300-ലധികം സർക്കാർ സേവനങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും ഏകദേശം 800 സേവനങ്ങൾ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 'തവാസുൽ' സംവിധാനം വഴിയുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചാണ് ഈ നവീകരണങ്ങളെല്ലാം നടപ്പിലാക്കുന്നത്.

Tags:    
News Summary - VAT registration, National Bureau of Revenue, processing time,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.