ലോക കേരളസഭ പിരിച്ചുവിട്ടത് സ്വാഗതാർഹം; വിദേശ രാജ്യങ്ങളിൽ പ്രവാസി സഭകൾ രൂപീകരിക്കണം

മനാമ: കോടികൾ ചെലവഴിച്ചിട്ടും സാധാരണ പ്രവാസിക്ക് ഒരു നേട്ടവും നൽകാത്ത ലോക കേരളസഭ പിരിച്ചുവിട്ട സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ബഹ്‌റൈൻ കെ.എം.സി.സി വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ പറഞ്ഞു. പകരം ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സഭകൾ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2018-ൽ ലോക കേരളസഭ ആരംഭിക്കുമ്പോൾ ലോകത്തിലെ എല്ലാ മലയാളികളെയും ഏകോപിപ്പിച്ച് കേരളത്തിന്റെ വളർച്ചയ്ക്ക് നിക്ഷേപം ആകർഷിക്കുകയും പ്രവാസികളുടെ വിഷയങ്ങളിൽ ഇടപെടുകയുമായിരുന്നു ലക്ഷ്യം. ഇതിനായി 7 സ്റ്റാന്റിംഗ് കമ്മിറ്റികളും 48 ശുപാർശകളും തയ്യാറാക്കി നിക്ഷേപം, ക്ഷേമം, നൈപുണ്യം, കലാ-സാംസ്കാരികം എന്നിങ്ങനെ 4 മേഖലകളായി തിരിച്ചെങ്കിലും ഒന്നും നടപ്പായില്ല. 5 സമ്മേളനങ്ങൾക്കായി 5.24 കോടി രൂപ നഷ്ടമായതല്ലാതെ ഒന്നും നേടിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എ.പി. ഫൈസൽ

 

ലോക കേരളസഭയ്ക്ക് നിയമപരമായ ഉറപ്പ് നൽകാൻ നിയമനിർമ്മാണം നടത്തുമെന്ന് പറഞ്ഞിട്ട് 5 വർഷമായിട്ടും നടന്നില്ല. 351 അംഗ സഭയിൽ 169 പേർ നിയമസഭ-പാർലമെന്റ് അംഗങ്ങളും 114 പേർ വിദേശ പ്രവാസികളും 36 പേർ ഇതര സംസ്ഥാനക്കാരും 12 പേർ തിരിച്ചെത്തിയ പ്രവാസികളുമാണ് ബാക്കി ക്ഷണിതാക്കളും ആണ്. അംഗങ്ങളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം ഇന്നും അവ്യക്തമാണ്. സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മാത്രം പ്രാതിനിധ്യം നൽകി, യഥാർത്ഥ ഗൾഫ് തൊഴിലാളികളെ ഒഴിവാക്കി യാണ് അംഗങ്ങളെ തെരെഞ്ഞെടുത്തത്.

ഗൾഫിലെ പ്രവാസികളെ പഠിക്കാൻ ഒരു ഉദ്യോഗസ്ഥൻ പോലും ഗൾഫ് സന്ദർശിച്ചില്ല അവസാന ഘട്ടത്തിൽ പേരിനു മാത്രമാണ് നോർക്ക പ്രതിനിധികൾ വന്നത്. ക്ഷേമനിധി ബോർഡിന്റെ ആരും വന്നില്ല. പെൻഷൻ വർധന, വിമാനക്കൂലി വർധന, പുനരധിവാസം, തൊഴിൽ ചൂഷണം തുടങ്ങിയ കാതലായ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല.

ലോക കേരള സഭകൊണ്ട് പ്രവാസികൾക്ക് ഒരു നേട്ടവും ഉണ്ടായില്ല എന്നത് സാധനക്കാരായ പ്രവാസികൾ ഒരേ സ്വരത്തിലാണ് പറയുന്നത്. ലോക കേരള സഭ അംഗങ്ങൾക്ക് ഒരു പ്രധന്യവും സർക്കാർ നൽകിയതുമില്ല. അതുകൊണ്ട് ലോക കേരളസഭയ്ക്ക് പകരം ബഹ്‌റൈൻ അടക്കമുള്ള ഓരോ ഗൾഫ് രാജ്യങ്ങളിലും പ്രവാസി സഭകൾ രൂപീകരിക്കണം. നോർക്ക ഉദ്യോഗസ്ഥർ നേരിട്ട് ഗൾഫ് നാടുകൾ സന്ദർശിച്ച് പ്രവാസികളെ കേൾക്കാനുള്ള സംവിധാനം ഉണ്ടാകണം. പ്രഹസന സഭകൾ അല്ല, പ്രവാസിക്ക് പ്രയോജനപ്പെടുന്ന പദ്ധതികളാണ് വേണ്ടതെന്നും എ.പി. ഫൈസൽ പറഞ്ഞു.

Tags:    
News Summary - Dissolution of Loka Kerala Sabha is welcome; Expatriate assemblies should be formed in foreign countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.