ദുബൈ ഗ്ലോബൽ വില്ലേജ് (ഫയൽ) 

ദുബൈ ഗ്ലോബൽ വില്ലേജ് മാതൃകയിൽ ബഹ്‌റൈനിലും 'ഗ്ലോബൽ സിറ്റി'‍

മനാമ: ദുബൈയിലെ പ്രശസ്തമായ 'ഗ്ലോബൽ വില്ലേജ്', ദമ്മാമിലെ 'ഗ്ലോബൽ സിറ്റി' എന്നിവയുടെ മാതൃകയിൽ ബഹ്‌റൈനിലും വൻകിട സാംസ്‌കാരിക വിനോദ പദ്ധതി വരുന്നു. രാജ്യത്തെ ടൂറിസം മേഖലയ്ക്ക് ഉണർവേകാനും ചെറുകിട സംരംഭകർക്ക് ആഗോള പ്ലാറ്റ്‌ഫോം ഒരുക്കാനും ലക്ഷ്യമിട്ടുള്ള ഈ നിർദ്ദേശത്തിന് ജനപ്രതിനിധികളിൽ നിന്നും മുൻസിപ്പൽ കൗൺസിലുകളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥിരം വിനോദ കേന്ദ്രമായി ബഹ്‌റൈനെ മാറ്റുക എന്നതാണ് പ്രധാന ല‍ക്ഷ‍്യം.

വിവിധ രാജ്യങ്ങളുടെ പവലിയനുകൾ, കലാപ്രകടനങ്ങൾ, ഭക്ഷണശാലകൾ എന്നിവയിലൂടെ ലോക സംസ്‌കാരങ്ങളെ ഒരൊറ്റ കുടക്കീഴിൽ എത്തിക്കാനും ഇതിലൂടെ സാധ്യമാകും. സ്വദേശി സംരംഭകർക്കും ചെറുകിട ബിസിനസുകൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും അവസരം ലഭിക്കും.

പദ്ധതി നടപ്പാക്കുന്നതിനായി സതേൺ, മുഹറഖ് ഗവർണറേറ്റുകളാണ് മുന്നോട്ട് വന്നത്. ദിയാർ അൽ മുഹറഖ്, ദിൽമുനിയ, അംവാജ് ഐലൻഡ്‌സ് തുടങ്ങിയ വികസിത മേഖലകൾ പദ്ധതിക്ക് അനുയോജ്യമാണെന്ന് മുഹറഖ് മുൻസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ പറഞ്ഞു. എന്നാൽ സതേൺ മുനിസിപ്പാലിറ്റിയിലെ ബഹ്‌റൈൻ ഇൻ്റർനാഷണൽ സർക്യൂട്ട്, എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ എന്നിവയ്ക്ക് സമീപമുള്ള സ്ഥലങ്ങളാണ് കൂടുതൽ പരിഗണനയിൽ. ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ കൂടുതലാണെന്ന് മുൻസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫും വ്യക്തമാക്കി.

പാർലമെന്‍റ് സാമ്പത്തിക കാര്യ സമിതി അധ്യക്ഷൻ അഹമ്മദ് അൽ സല്ലൂം പദ്ധതിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ദമ്മാമിലെ സമാനമായ പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോൾ, ബഹ്‌റൈന്‍റെ പദ്ധതിയുടേതായ തനിമയും സവിശേഷതകളും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എക്കണോമിക് ഡെവലപ്‌മെൻ്റ് ബോർഡ്, ബഹ്‌റൈൻ ചേംബർ എന്നിവയുമായി സഹകരിച്ച് പദ്ധതിയുടെ സാധ്യതകളും നിക്ഷേപ താൽപ്പര്യങ്ങളും സമിതി വിലയിരുത്തും. സ്ഥലം എവിടെയായാലും ബഹ്‌റൈന്‍റെ ടൂറിസം ഭൂപടത്തിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാകും. കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഇടമായി ഇത് മാറുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    
News Summary - 'Global City' to be built in Bahrain on the model of Dubai Global Village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.