ഗൾഫ് എയറും ബിയോണ്ടും ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ കരാറൊപ്പിടുന്നു 

ലക്ഷ്വറി യാത്രക്ക് ഒരുങ്ങാം; ഗൾഫ് എയറും ബിയോണ്ടും കൈകോർക്കുന്നു

മനാമ: ബഹ്‌റൈനെ ലോകത്തിലെ ഏറ്റവും മികച്ച വ്യോമയാന ഹബ്ബായി ഉയർത്തുന്നതിന്റെ ഭാഗമായി ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറും ലോകത്തിലെ ആദ്യത്തെ പ്രീമിയം ലെയ്‌ഷർ എയർലൈനായ ബിയോണ്ടും തമ്മിൽ തന്ത്രപരമായ ഒരു കരാറിൽ ഒപ്പിട്ടു. ബഹ്‌റൈൻ നാഷണൽ തിയേറ്ററിൽ നടന്ന ചടങ്ങിൽ ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയുടെയും ഗൾഫ് എയർ ഗ്രൂപ് ചെയർമാൻ ഖാലിദ് തഖിയുടെയും സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.

വരുന്ന ഡിസംബറിൽ പ്രവർത്തനം തുടങ്ങുന്ന ഈ സഹകരണത്തിലൂടെ ഗൾഫ് എയറിന്റെ ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യവും ബിയോണ്ടിന്റെ ആധുനിക ആഡംബര സൗകര്യങ്ങളും ഒത്തുചേരും. ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിയോണ്ട് എയർലൈൻ പ്രൈവറ്റ് ജെറ്റ് മാതൃകയിലുള്ള യാത്രാ സൗകര്യങ്ങൾ നൽകുമ്പോൾ ഗൾഫ് എയറിനെ പ്രീമിയം സേവനങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഈ പങ്കാളിത്തം രണ്ട് വിമാനക്കമ്പനികൾക്കും ബഹ്‌റൈൻ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകുമെന്ന് മന്ത്രി ഡോ. ശൈഖ് അബ്ദുല്ല വ്യക്തമാക്കി. 2030 ഓടെ ബഹ്‌റൈന്റെ വിമാന സർവീസുകൾ നൂറ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിന് ഇത് കരുത്തുപകരും.

പുതിയ കോഡ് ഷെയറിംഗ് കരാർ പ്രകാരം യാത്രക്കാർക്ക് ഇരു വിമാനക്കമ്പനികളിലും ഒരേപോലെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും തടസ്സമില്ലാത്ത യാത്ര ആസ്വദിക്കാനും സാധിക്കും. 2026 അവസാനിക്കുമ്പോഴേക്കും നാലായിരത്തോളം പ്രീമിയം യാത്രക്കാരെയും 2030 ഓടെ പതിനായിരക്കണക്കിന് യാത്രക്കാരെയും ഈ സംരംഭം പ്രതീക്ഷിക്കുന്നുണ്ട്. ഗൾഫ് എയറിന്റെ ഫാൽക്കൺ ഗോൾഡ് സേവനവും ബിയോണ്ടിന്റെ അത്യാധുനികമായ ബെഡ് സൗകര്യമുള്ള സീറ്റുകളും യാത്രക്കാർക്ക് വ്യത്യസ്തമായ യാത്രാനുഭവം സമ്മാനിക്കും.

Tags:    
News Summary - Get ready for luxury travel; Gulf Air and Beyond join hands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.