മനാമ: പ്രവാസി ക്ഷേമനിധി പെൻഷൻ ലഭിക്കുന്നതിലെ കാലതാമസവും അപ്രായോഗികമായ നിബന്ധനകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബഹ്‌റൈൻ കെ.എം.സി.സി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. എം.എൽ.എ പാറക്കൽ അബ്ദുല്ല മുഖേനെ കെ.എം.സി.സി വൈസ് പ്രസിഡന്റ് എ.പി ഫൈസലാണ് നിവേദനം കൈമാറിയത്.
വർഷങ്ങളോളം വിഹിതം അടച്ച പ്രവാസികൾക്ക് ചെറിയ കുടിശ്ശികയുടെ പേരിൽ പെൻഷൻ നിഷേധിക്കുന്ന നിലവിലെ ക്ഷേമനിധി ബോർഡ് തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. കുടിശ്ശിക അടച്ചുതീർക്കാൻ അവസരം നൽകി അർഹരായ എല്ലാവർക്കും പെൻഷൻ ലഭ്യമാക്കണം. അപേക്ഷകളിൽ ആറുമാസം മുതൽ ഒരു വർഷം വരെ എടുക്കുന്ന നിലവിലെ സ്ഥിതി മാറി, പരമാവധി രണ്ടു മാസത്തിനുള്ളിൽ പെൻഷൻ അനുവദിക്കാനും മാസത്തിലെ അഞ്ചാം തീയതിക്കുള്ളിൽ തുക വിതരണം ചെയ്യാനും സർക്കാർ നടപടി സ്വീകരിക്കണം.
പ്രവാസി ക്ഷേമനിധിയിൽ ചേരാനുള്ള പ്രായപരിധി 60-ൽ നിന്ന് 70 വയസ്സായി ഉയർത്തണമെന്നും, ചികിത്സാ-മരണാനന്തര സഹായങ്ങൾ അപേക്ഷ ലഭിച്ചാലുടൻ ലഭ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ക്ഷേമനിധി ഓഫീസുകളിൽ 24 മണിക്കൂർ ഹെൽപ്പ് ഡെസ്ക് സംവിധാനം ഏർപ്പെടുത്തണമെന്നും ഫോൺ കോളുകളോട് കൃത്യമായി പ്രതികരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന ഭീമമായ പിഴത്തുക പൂർണ്ണമായും എടുത്തു കളയണമെന്നും, അനുവദിക്കപ്പെട്ട തുക പോലും സമയബന്ധിതമായി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കണമെന്നും കെ.എം.സി.സി നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.