കേടായ ഭക്ഷ്യവസ്തുക്കളുടെ തീയതി തിരുത്തി വിപണിയിലെത്തിച്ചു; ബഹ്‌റൈനിൽ നാല് പേർക്ക് ശിക്ഷ

മനാമ: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ തീയതി തിരുത്തിയും കൃത്രിമം കാണിച്ചും വീണ്ടും വിപണിയിൽ വിറ്റഴിക്കാൻ ശ്രമിച്ച കേസിൽ നാല് പേരെ ബഹ്‌റൈൻ കോടതി ശിക്ഷിച്ചു. മന്ത്രാലയങ്ങളുടെയും പൊതുസ്ഥാപനങ്ങളുടെയും ചുമതലയുള്ള പബ്ലിക് പ്രോസിക്യൂഷൻ ചീഫ് അഡ്വക്കേറ്റ് ജനറലാണ് ഇക്കാര്യം അറിയിച്ചത്.

പ്രതികളിലൊരാളായ കമ്പനിയുടെ ഉടമക്ക് മൂന്ന് വർഷം തടവും 10,000 ദിനാർ പിഴയുമാണ് കോടതി വിധിച്ചത്. കമ്പനിയിലെ മൂന്ന് തൊഴിലാളികൾക്ക് ഒരു വർഷം തടവും ശിക്ഷാ കാലാവധിക്ക് ശേഷം അവരെ ബഹ്‌റൈനിൽ നിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.

കൂടാതെ, പിടിച്ചെടുത്ത വ്യാജവും കേടായതുമായ ഭക്ഷ്യവസ്തുക്കളും കൃത്രിമത്വം കാണിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടുകെട്ടി നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. വിധി അന്തിമമാകുന്ന മുറയ്ക്ക് പ്രതികളുടെ ചെലവിൽ പത്രങ്ങളിൽ വിധിന്യായത്തിന്റെ ലഘുവിവരണം പ്രസിദ്ധീകരിക്കാനും, കമ്പനി ആറുമാസത്തേക്ക് അടച്ചുപൂട്ടാനും കോടതി നിർദ്ദേശിച്ചു.

വ്യവസായ വാണിജ്യ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച പരാതിയെ തുടർന്നാണ് നിയമനടപടികൾ ആരംഭിച്ചത്. ഒരു ഭക്ഷ്യവസ്തു വിൽപന കമ്പനിയിലെ തൊഴിലാളികൾ ഉൽപ്പന്നങ്ങളുടെ കാലാവധി തീയതി മാറ്റി വിപണിയിൽ വിൽക്കാൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് വൻ തോതിൽ വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

പരാതി ലഭിച്ചയുടൻ തന്നെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും പ്രതികളെ ചോദ്യം ചെയ്യുകയും സാങ്കേതിക റിപ്പോർട്ടുകൾ പരിശോധിക്കുകയും ചെയ്തു. പ്രതികൾക്കെതിരെ കുറ്റം തെളിഞ്ഞതിനെത്തുടർന്ന് അവരെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഉപഭോക്താക്കളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ ശക്തമായി നേരിടുമെന്നും, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ തുടരുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Tags:    
News Summary - Expired food relabeled and sold: Four sentenced in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.