ബഹ്റൈനിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ നേതാക്കൾ
മനാമ: ഗൾഫ് ഐക്യത്തിന്‍റെ സന്ദേശം പങ്കുവെച്ച് ബഹ്റൈനിൽ നടന്ന 46ാമത് ജി.സി.സി ഉച്ചകോടി. അംഗരാജ്യങ്ങളുടെ രാഷ്ട്ര നേതാക്കളും പ്രതിനിധികളും ഭാഗമായ സമ്മിറ്റിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അധ്യക്ഷത വഹിച്ചു. ജി.സി.സി രാജ്യങ്ങളുടെ രാഷ്ട്രീയ സ്ഥിരത, സാമ്പത്തിക അഭിവൃദ്ധി, സുരക്ഷ സഹകരണം എന്നിവയും രാജ്യങ്ങളുടെ ദേശീയ പരമാധികാരം സംരക്ഷിക്കുക എന്നതിലും ഊന്നിയാണ് ഉച്ചകോടി നടന്നത്. ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ നിർമിക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. ഇറാന്‍റെയും ഇസ്രായേലിന്‍റെയും ഖത്തർ ആക്രമണത്തെ ഉച്ചകോടി അപലപിച്ചു.
ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി എന്നീ നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. സമ്മിറ്റിൽ പ്രത്യേക അതിഥിയായി ഇറ്റാലിയൻ പ്രസിഡന്‍റ് ജോർജ് മെലോണിയും പങ്കെടുത്തു.
കസ്റ്റംസ് യൂണിയനും, ഗൾഫ് കോമൺ മാർക്കറ്റ് പദ്ധതിയും സംയുക്തമായി സഹകരിച്ച് പൂർത്തിയാക്കുമെന്നും, സമ്പദ്‌വ്യവസ്ഥ, പുനരുപയോഗ ഊർജ്ജം, മറ്റ് സുപ്രധാന മേഖലകൾ എന്നിവയിൽ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും ഉച്ചകോടി വ്യക്തമാക്കി. ഉച്ചകോടിയുടെ ആദ്യ സെഷനിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി എന്നിവരും സംസാരിച്ചു. ഗൾഫ് സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥാപിക്കുമെന്നും ഗൾഫ് വ്യാവസായിക പ്ലാറ്റ്‌ഫോം പുറത്തിറക്കുമെന്നും ജി.സി.സി സെക്രട്ടറി പ്രഖ്യാപിച്ചു. കൂടാതെ മേഖലാ-അന്താരാഷ്ട്ര വിഷയങ്ങൾക്കൊപ്പം സംയുക്ത ഗൾഫ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര കൂട്ടായ്മകളുമായുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനും ഗൾഫ് നേതാക്കൾ ചർച്ചകൾ നടത്തി.
മുൻ ഉച്ചകോടികളിലേതുപോലെ തന്നെ ഫലസ്തീൻ വിഷയം ആണ് ഇത്തവണയും ഉച്ചകോടിയിലെ പ്രധാന ചർച്ചയായത്. ഫലസ്തീൻ ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണമെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് അവിടെ നടക്കുന്നതെന്നും ഉച്ചകോടി ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണമെന്ന നിലപാടിൽ ഗൾഫ് രാജ്യങ്ങൾ പൂർണമായും ഉറച്ചുനിന്നു. മേഖലയിലെ സംഘർഷം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും അവർ ആവർത്തിച്ചു. വർഷങ്ങളായി തുടരുന്ന ഈ അസ്ഥിരത അവസാനിപ്പിക്കാൻ ഗസ സമാധാന പദ്ധതി നടപ്പിലാക്കണമെന്നും ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ ചൂണ്ടിക്കാട്ടി.
ഖത്തറിനെതിരെ ഇറാനും ഇസ്രായേലും നടത്തിയ ആക്രമണത്തെ ഗൾഫ് സമ്മിറ്റിൽ അംഗരാജ്യങ്ങൾ ശക്തമായി അപലപിച്ചു. പ്രത്യേകിച്ച് ഗസ്സയിലെ സമാധാനം പുനഃസ്ഥാപിക്കാനായി മധ്യസ്ഥ ചർച്ച നടത്തിവരുന്നതിനിടെയാണ് ഇസ്രായേൽ ഇറാനിൽ മിസൈൽ ആക്രമണം നടത്തുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ല. ഒരു ഗൾഫ് രാഷ്ട്രത്തിനെതിരായി നടത്തുന്ന ആക്രമണം മുഴുവൻ ജി.സി.സി രാജ്യങ്ങളേയും വെല്ലുവിളിക്കുന്നതാണെന്നും മുഴുവൻ ഗൾഫ് രാജ്യങ്ങളേയും ആക്രമിക്കുന്നതിന് തുല്യമാണെന്നും ജി.സി.സി കൗൺസിൽ സംയുക്തമായി പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.