മനാമ: ഗസ്സ മുനമ്പിന്‍റെ പുനർനിർമാണത്തിനും മിഡിൽ ഈസ്റ്റിലെ ശാശ്വതമായ സമാധാനത്തിനും സ്ഥിരതക്കും അറബ് രാജ്യങ്ങളുടെ ഏകീകൃത നിലപാടിനും സംയുക്ത നിർദേശവുമായി ബഹ്റൈനും ഈജിപ്തും. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് എൽസിസിയുമായി ഫോണിൽ സംസാരിക്കവെയാണ് ഫലസ്തീൻ വിഷയത്തിലെ പുനർനിർമാണത്തിലുള്ള ആവശ്യകതകളെക്കുറിച്ച് പ്രതിപാദിച്ചത്. മിഡിൽ ഈസ്റ്റിനായി ഒരു സംയുക്ത സമ്മേളനം സംഘടിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും ഇരുവരും ചൂണ്ടിക്കാട്ടി.
ചർച്ചയിൽ ബഹ്റൈന്‍റെയും ഈജിപ്തിന്‍റെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഫലസ്തീനിലെ വെടിനിർത്തലിലേക്ക് നയിച്ച ഈജിപ്തിന്‍റെ ശ്രമങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു. സ്ഥിരസമാധാനത്തിനും വെടിനിർത്തലിനും ഒരു രാഷ്ട്രീയ പ്രക്രിയയുടെ ആവശ്യകതയും ഹമദ് രാജാവ് ചൂണ്ടിക്കാട്ടി. സിറിയ, ലെബനൻ, ലിബിയ, സുഡാൻ എന്നിവിടങ്ങളിലെ സാഹചര്യങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ഈ രാജ്യങ്ങളിൽ സ്ഥിരത കൈവരിക്കുന്നതിനും കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമായി പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകതകളും ഇരുവരും ചർച്ച ചെയ്തു.
കഴിഞ്ഞ വർഷം ബഹ്റൈനിൽ നടന്ന 33-ാമത് അറബ് ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച ഹമദ് രാജാവ് സമാന വിഷയം ഉന്നയിച്ചിരുന്നു. ഫലസ്തീൻ രാഷ്ട്രത്തിന് പൂർണ അംഗീകാരം നൽകുകയും ഐക്യരാഷ്ട്രസഭയിൽ അംഗത്വം നൽകുകയും വേണം. മേഖലയിൽ സംഘർഷങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ സേവനങ്ങൾ നൽകാൻ പ്രത്യേക പദ്ധതി വേണം. അനുരഞ്ജന സമീപനത്തിലൂടെയും ഗൗരവമായ രാഷ്ട്രീയ സംവാദത്തിലൂടെയും ഇത് സാധ്യമാക്കണം. സാമ്പത്തികം, സാങ്കേതിക വിദ്യ, ഡിജിറ്റൽ പരിവർത്തനം എന്നിവയിൽ അറബ് സഹകരണം വർധിപ്പിക്കണം. മേഖലയുടെ സുസ്ഥിരതയും വികസനവും ഉറപ്പാക്കാനുള്ള നിരവധി പദ്ധതികളും ഹമദ് രാജാവ് ഉച്ചകോടിയിൽ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.