മനാമ: കഴിഞ്ഞ ബുധനാഴ്ച രാത്രി അറാദിലുണ്ടായ ഗ്യാസ് സിലിണ്ടർ അപകടത്തിൽ ദുരിതത്തിലായവരെ സഹായിക്കാനുള്ള ദേശീയ ഫണ്ട് ശേഖരണ കാമ്പയിന് തുടക്കം. അറാദ് വില്ലേജ് ചാരിറ്റി സൊസൈറ്റി, മുഹറഖ് മുനിസിപ്പൽ കൗൺസിൽ, മറ്റ് ചാരിറ്റി സൊസൈറ്റികൾ എന്നിവരുടെ പിന്തുണയോടെയാണ് കാമ്പയിൽ നടത്തുന്നത്. ദുരിതത്തിലായ കുടുംബങ്ങളെയും കച്ചവടക്കാരെയും മറ്റ് സഹായത്തിനർഹരായ വ്യക്തികളെയും സഹായിക്കാനാണ് പദ്ധതി.
അപകടത്തിൽ രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അറാദിലെ സീഫ് മാളിന് സമീപത്തെ കെട്ടിടത്തിലാണ് അപകടമുണ്ടായത്. ബഹ്റൈനി റസ്റ്റാറന്‍റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാ പ്രവർത്തനം പൂർത്തിയായതായും സ്ഥലം സുരക്ഷിതമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്.
പ്രദേശത്തെ 400 മീറ്റർ ചുറ്റളവിൽ പൊട്ടിത്തെറിയുടെ ആഘാതമുണ്ടായിട്ടുണ്ട്. കണക്കുകൾ പ്രകാരം 10 വീടുകൾ, 10 കടകൾ, ഏഴ് കാറുകൾ എന്നിവക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായാണ് വിലയിരുത്തുന്നത്.
തകർന്ന ജനലുകൾ, മറ്റ് ഗ്ലാസ് ഡോറുകൾ, ഇലക്ര്ടിക് ഉപകരണങ്ങൾ എന്നിവ മാറ്റി സ്ഥാപിക്കാനും സമീപത്തെ കെട്ടിടങ്ങളിൽ രൂപപ്പെട്ട വിള്ളലുകൾ, തകർന്ന വീണ മേൽക്കൂരകൾ എന്നിവ പുനർനിർമിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി ഒരു ലക്ഷം ദിനാർ ശേഖരിക്കാനാണ് ലക്ഷ്യം. ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ പൂർത്തിയായാൽ സഹായത്തിന് യോഗ്യരായവരുടെ വിവരങ്ങൾ സിവിൽ ഡിഫൻസ് നൽകുമെന്ന് സൊസൈറ്റി ചെയർമാൻ ഹസൻ അൽ അറാദി പറഞ്ഞു. പ്രവാസി തൊഴിലാളികൾ താമസിച്ച കെട്ടിടത്തിലാണ് അപകടമുണ്ടായതെന്നും അറാദ് കണ്ട ഏറ്റവും ഭീകരമായ അപകടമാണ് സംഭവിച്ചതെന്നും രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് ഇത് സംഭവിച്ചതെങ്കിൽ അപകടത്തിന്‍റെ തോത് ഇതിലും ദാരുണമായിരുന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിനിരയായവർ സ്ഥലം സന്ദർശിക്കാനെത്തിയ അധികൃതർക്ക് മുമ്പാകെ സഹായാഭ്യർഥനം നടത്തിയിരുന്നു. ബുധനാഴ്ച സ്ഥലം സന്ദർശിച്ച പാർലമെന്‍റ് സ്പീക്കർ അഹ്മദ് അൽ മുസല്ലം എല്ലാ വിധ സഹായ വാഗ്ദാനവും പ്രദേശ വാസികൾക്ക് നൽകിയിട്ടുണ്ട്. കൂടാതെ സ്ഥലം എം.പി അബ്ദുല്ല അൽ ദൈയ്ൻ, മുഹറഖ് മുനിസിപ്പൽ ഏരിയ കൗൺസിലർ അഹമ്മദ് അൽ മേഖാവി എന്നിവരും സഹായ വാഗ്ദാനങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. എല്ലാ ചെലവുകളും സ്വന്തമായി ഏറ്റെടുക്കാൻ കഴിയില്ലെന്നും എന്നാൽ ഫണ്ട് സമാഹരണ കാമ്പയിനിന്‍റെ വിജയത്തിനായി മറ്റു എം.പിമാരെയടക്കം ഏകോപിപ്പിക്കുമെന്നും സ്ഥലം എം.പി അബ്ദുല്ല അൽ ദൈയ്ൻ പറഞ്ഞു. കെട്ടിടത്തിൽ താമസിച്ചിരുന്ന തൊഴിലാളികളെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.