ഹജിയാത്തിൽ കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ കെട്ടിടം
മനാമ: സർക്കാർ നിർമിച്ചുനൽകുന്ന അപ്പാർട്മെന്റ് വീടുകളിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഹജിയാത്തിലെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് ആവശ്യം ഉയർന്നത്. അപകടത്തിൽ മാതാവും ഭിന്നശേഷിക്കാരനായ ഒരു മകനും മരണപ്പെട്ടിരുന്നു. 16 പേരെ രക്ഷപ്പെടുത്തുകയും 116 താമസക്കാരെ ഒഴിപ്പിക്കുകയുംചെയ്തിരുന്നു.ഹജിയാത്തിലെ പ്രതിനിധികളായ സതേൺ മുനിസിപ്പൽ കൗൺസിൽ സാമ്പത്തിക, ഭരണ, നിയമനിർമാണ കമ്മിറ്റി ചെയർമാൻ മുഹമ്മദ് ദരാജ്, പാർലമെന്റ് സാമ്പത്തിക, സാമ്പത്തിക കാര്യ കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അൽ മറാഫി എന്നിവരാണ് കർശന ആവശ്യവുമായി രംഗത്തെത്തിയത്.
ഹോട്ടലുകളിലും മറ്റും നടപ്പാക്കുന്ന അതേ രീതി തന്നെ ഇത്തരം അപ്പാർട്മെന്റുകളിലും ഒരുക്കണമെന്നാണ് ആവശ്യം. നിലവിൽ ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന്റെ ഭവന പദ്ധതികളിൽ ഇടനാഴികളിലും പ്രവേശന കവാടങ്ങളിലും പുക ഡിറ്റക്ടറുകളും സ്പ്രിംഗ്ളറുകളും യൂനിറ്റുകൾക്കുള്ളിൽ അഗ്നിശമന ഉപകരണങ്ങളുമുണ്ട്. എന്നാൽ പലർക്കും അതെങ്ങനെ ഉപയോഗിക്കണമെന്ന ധാരണയില്ല, കൂടാതെ നിരവധി അഗ്നിശമന ഉപകരണങ്ങൾ കാലാവധി കഴിഞ്ഞതോ വീണ്ടും നിറക്കാത്തതോ ആണെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹജിയാത്തിലെ അപകടം ജനങ്ങളിൽ വേവലാതിയുണ്ടാക്കിയതായി അൽ മറാഫി പറഞ്ഞു.
ഇനിയും അപകടങ്ങൾ ഉണ്ടാകാനും കൂടുതൽ പേരുടെ ജീവനുകൾ നഷ്ടപ്പെടാനും കാത്തിരിക്കുന്നില്ല. നിർദേശങ്ങൾ അനുസരിക്കാത്തപക്ഷം നടപടികളുണ്ടാകുമെന്നും എല്ലാ ഭവന യൂനിറ്റുകളിലും സ്മോക്ക് ഡിറ്റക്ടറുകളും ഓട്ടോമാറ്റിക് സ്പ്രിംഗ്ലർ സംവിധാനങ്ങളും നിർബന്ധമായും സ്ഥാപിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കൂടാതെ ഇത്തരം കെട്ടിടങ്ങളിൽ എമർജൻസി ഗോവണികൾ വേണമെന്ന തന്റെ ദീർഘകാല ആവശ്യം മുഹമ്മദ് ദരാജ് വീണ്ടും ആവർത്തിച്ചു. ഉയർന്ന കെട്ടിടങ്ങളിലെ എമർജൻസി ഗോവണികൾ അടിയന്തര സാഹചര്യത്തിൽ രക്ഷാമാർഗമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി ഇത്തരം അപ്പാർട്മെന്റുകളിൽ അഗ്നിസുരക്ഷാ സൗകര്യങ്ങളുടെ ഓഡിറ്റ് നടത്താനും അപകടസാധ്യതയുള്ള പ്രദേശങ്ങൾക്ക് മുൻഗണന നൽകാനും അടിയന്തര നവീകരണങ്ങൾക്കായി ബജറ്റ് അനുവദിക്കാനും ഇരുവരും ആവശ്യമുന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.