ഫാസിൽ ബഷീർ
മനാമ: മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിക്കുന്ന ‘ട്രിക്സ് മാനിയ 2.0’ വെള്ളിയാഴ്ച രാത്രി അൽ അഹ്ലി ക്ലബിൽ അരങ്ങേറും. പ്രേക്ഷകരുടെ ചിന്തയെയും തലച്ചോറിനെയും കബളിപ്പിക്കുന്ന അത്ഭുത പ്രകടനങ്ങളാണ് ഷോയുടെ പ്രധാന ആകർഷണം. വൈകീട്ട് ആറിന് അൽ അഹ്ലി ക്ലബിലെ ബാങ്ക്വറ്റ് ഹാളിൽ നിയാർക്ക്-ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സ്പർശം 2025’ പരിപാടിയുടെ ഭാഗമായാണ് ട്രിക്സ് മാനിയ 2.0 അവതരിപ്പിക്കുന്നത്. പരിപാടിക്കായി കഴിഞ്ഞദിവസംതന്നെ ഫാസിൽ ബഷീറും ഭാര്യ തസ്നി ഫാസിലും ബഹ്റൈനിലെത്തിയിരുന്നു. ഭിന്നശേഷി കുട്ടികൾക്കായി കൊയിലാണ്ടി പന്തലായനിയിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്) നെക്കുറിച്ച് വിശദീകരിക്കാൻ ഗ്ലോബൽ ചെയർമാൻ അഷ്റഫ് കെ.പിയും നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി യൂനുസ് ടി.കെയും പരിപാടിയുടെ ഭാഗമായി പങ്കെടുക്കും.
ഹയർ സെക്കൻഡറി പഠനകാലമായ 2003ൽ അത്ഭുതങ്ങളുടെ കലയിലേക്ക് കടന്നുവന്ന ഫാസിൽ ബഷീർ എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി സ്വദേശിയാണ്. 2015 മുതൽ മെന്റലിസം ഷോകൾ അവതരിപ്പിച്ചുവരുന്നു. ഹിപ്നോട്ടിസത്തിന്റെ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് ഈ ഷോ നടത്തുന്നത്.
ജി.സി.സിയിലെ എല്ലാ രാജ്യങ്ങളിലുമായി 100ലധികം ഷോകളും ഇന്ത്യ, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങളിലായി 400ലധികം പ്രകടനങ്ങളും അദ്ദേഹം നടത്തിക്കഴിഞ്ഞു.
സമീപകാലത്ത് ബോംബെയും ഷാർജയും ഉൾപ്പെടെ നടന്ന ട്രിക്സ് മാനിയ 2.0 പരിപാടികൾക്ക് ശേഷമാണ് ബഹ്റൈനിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.