കാലത്തിനൊപ്പം എല്ലാ മേഖലയിലും മാറ്റം സംഭവിച്ചപ്പോൾ പഴയകാലത്തെ അപേക്ഷിച്ച് റമദാൻമാസവും പെരുന്നാളും ഒരുപാട് മാറി. അത് റമദാൻ മാസത്തിലെ ഭക്ഷണത്തിന്റെ കാര്യത്തിലും സംഭവിച്ചു. പെരുന്നാൾ വസ്ത്രങ്ങളും അത് വാങ്ങുന്ന രീതിയും അടിമുടി മാറി. ഇപ്പോൾ വസ്ത്രങ്ങൾ വാങ്ങലും ഓൺലൈനായി. റമദാൻ മാസത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായിരുന്നു ചീരാകഞ്ഞി അഥവാ ജീരകക്കഞ്ഞി. എല്ലാ വീടുകളിലും റമദാൻ 30 ദിവസവും മുതിർന്നവരും കുട്ടികളും തറാവീഹ് നമസ്കാരശേഷം കുടിച്ചുപോന്നിരുന്ന ഒരു ആഹാരമാണ് അത്. ഇന്ന് ചുരുക്കം ചില വീടുകളിൽ മാത്രമായി ജീരകക്കഞ്ഞി ഒതുങ്ങി.
ശരീരം ക്ഷീണിക്കുമെന്ന് ഭയന്ന് കുട്ടികൾ വ്രതമനുഷ്ഠിക്കുന്നതിനെ വീട്ടുകാർ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അത്താഴത്തിന് നാലുമണിക്ക് എന്നെയും വിളിക്കണം എന്ന് വീട്ടുകാരോട് പറയും. രാവിലെ ഉണർന്നാൽ വിളിക്കാത്തതിലുള്ള പരിഭവം പറയും. ഇന്നലെ ഈ വീട്ടിൽ ആരും അത്താഴത്തിന് എഴുന്നേറ്റില്ല എന്നൊക്കെയുള്ള കള്ളം പറയും വീട്ടുകാർ.
രാത്രി വീട്ടിൽനിന്ന് ഇറങ്ങാനും ടൗണുകളിൽ കറങ്ങിനടക്കാനും ഉച്ചക്കുശേഷം സ്കൂളിൽനിന്ന് അവധി എടുക്കാനും കുട്ടികൾക്ക് സ്വാതന്ത്യം ലഭിക്കുന്ന ഒരുമാസം കൂടിയാണ് റമദാൻ. റെഡിമെയ്ഡ് ഷർട്ടുകളും പാന്റുകളും ഇന്നത്തെ പോലെ പ്രചാരത്തിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നോമ്പ് 15നു മുമ്പ് തുണി എടുത്ത് തയ്യൽക്കടയിൽ കൊടുക്കണം. എങ്കിൽ മാത്രമേ പെരുന്നാളിന് ധരിക്കാൻ കിട്ടൂ. ഇന്ന് ഏഴും എട്ടും വയസ്സുള്ള കുട്ടികൾ ബ്രാൻഡഡ് ഷർട്ടുകൾ വേണമെന്ന് വാശിപിടിക്കുമ്പോൾ അന്നു വീട്ടുകാർക്ക് ഇഷ്ടപ്പെട്ട ഒരു തുണി എടുത്തു തരും. അത് ധരിച്ചുകൊള്ളണം.
പ്രവാസികളുടെ വീട്ടിൽ വിദേശത്തുനിന്നും കൊണ്ടുവരുന്ന തുണി ആണെങ്കിൽ വീട്ടിലെ എല്ലാവർക്കും ഒരേ കളർ ഷർട്ടും പാന്റും ആയിരിക്കും. പെരുന്നാളിന്റെ മാറ്റുകൂട്ടാൻ പ്രധാനപ്പെട്ട ഒന്നാണ് പടക്കം. ഇത് വാങ്ങാൻ പണം സ്വരൂപിക്കാനുള്ള ഒരു മാർഗമായിരുന്നു അടുത്ത ബന്ധുവീടുകളിൽ നോമ്പുതുറക്കാൻ പോവുക എന്നുള്ളത്. കുറഞ്ഞ വിലക്ക് പടക്കം കിട്ടുന്ന സ്ഥലങ്ങളിലേക്ക് കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി പോകുമായിരുന്നു. നോമ്പ് പത്തു കഴിഞ്ഞാൽ പിന്നെ പെരുന്നാൾ ടൂറിനെക്കുറിച്ചുള്ള ചർച്ചയായിരിക്കും. ദൂരയാത്ര ഒക്കെയാണ് പ്ലാൻചെയ്യുക. എന്നാൽ, അവസാനനിമിഷം വീട്ടുകാരുടെ സമ്മതംകിട്ടാതെ അടുത്തുള്ള ഏതെങ്കിലും ബീച്ചിൽ പോയി തൃപ്തിപ്പെടേണ്ടി വരും. ആ പഴയകാലം ഒന്നും ഇനി തിരിച്ചുവരില്ല എന്നറിയാം. ഏതായാലും കൊറോണ വന്നതിനുശേഷം വലിയ നിയന്ത്രണങ്ങൾ ഒന്നും ഇല്ലാത്ത ഒരു നോമ്പുകാലവും പെരുന്നാളുമാണ് മുന്നിലുള്ളത് എന്ന് ഓർത്ത് സന്തോഷിക്കാം, സമാധാനിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.