മുൻസിപ്പാലിറ്റി കാര്യ, കാർഷിക മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക് ഫാർമേഴ്സ് മാർക്കറ്റ് സന്ദർശനത്തിനിടെ
മനാമ: പ്രാദേശിക കർഷകരുടെ അഭ്യർഥന പരിഗണിച്ച് ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് റമദാൻ മാസത്തിലും പ്രവർത്തിക്കും. 2026 മാർച്ച് 14 വരെ എല്ലാ ശനിയാഴ്ചകളിലും രാവിലെ മാർക്കറ്റ് സജീവമായിരിക്കുമെന്ന് മുൻസിപ്പാലിറ്റി കാര്യ, കാർഷിക മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക് അറിയിച്ചു.
33 പ്രാദേശിക കർഷകരുടെ സ്റ്റാളുകൾ മാർക്കറ്റിലുണ്ടാകും. റമദാൻ പ്രമാണിച്ച് ഭക്ഷണശാലകൾ, റസ്റ്റാറന്റുകൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ മാർക്കറ്റിൽ ഉണ്ടായിരിക്കില്ല. കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ നേരിട്ട് വിൽക്കാൻ കൂടുതൽ അവസരം നൽകുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ 12 ആഴ്ചകൾക്കുള്ളിൽ 2.2 ലക്ഷത്തിലധികം സന്ദർശകരാണ് മാർക്കറ്റിലെത്തിയത്. കർഷകരിൽനിന്ന് നേരിട്ട് 250 ടണ്ണിലധികം പച്ചക്കറികളും മറ്റ് കാർഷിക ഉൽപന്നങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഈ സീസണിലൂടെ സാധിച്ചു. നൂറിലധികം ഇനം പച്ചക്കറികളാണ് മാർക്കറ്റിൽ ലഭ്യമായിരുന്നത്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും മാർഗനിർദേശങ്ങൾ കാർഷിക മേഖലയ്ക്ക് വലിയ കരുത്താണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രിക്കൾചറൽ ഡെവലപ്മെന്റ് അഡ്വൈസറി കൗൺസിൽ ചെയർപേഴ്സൺ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.
ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ നടന്ന സീസണിലെ അവസാന ആഴ്ചയിലെ സന്ദർശനത്തിനിടെയാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ശൈഖ മറം ബിൻത് ഈസ അൽ ഖലീഫ ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.